മെഡിക്കൽ കോളജിൽ മരുന്ന് സൂക്ഷിക്കാൻ ഇടമില്ല സ്റ്റോർ കോംപ്ലക്സ് നിർമാണം എങ്ങുമെത്തിയില്ല
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റോർ കോംപ്ലക്സ് ഇല്ലാത്തതിനാൽ മരുന്ന് സൂക്ഷിക്കാൻ ഇടമില്ല. സൗകര്യം ഇല്ലാത്തതിനാൽ ഒ.പി ബ്ലോക്കിൽ മോർച്ചറിയിലേക്കുള്ള വഴിയിലും പഴയ ബ്ലോക്കിൽ സെമിനാർ ഹാളിലേക്കും ക്ലിനിക്കൽ െലക്ചറർ ഹാളിലേക്കുമുള്ള വഴിയിലും മരുന്നുകൾ കൂട്ടിയിട്ടിരിക്കുകയാണ്.
നാല് വർഷം മുമ്പ് സ്റ്റോർ കോംപ്ലക്സ് സ്ഥാപിക്കാൻ രണ്ടര കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിനോട് ചേർന്ന ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. ഇവിടെ മണ്ണുപരിശോധന പൂർത്തിയാക്കി. എന്നാൽ നാല് വർഷം പിന്നിട്ടപ്പോൾ ഈ ഭൂമി സ്റ്റോർ കോംപ്ലക്സിന് അനുയോജ്യമല്ലെന്നാണ് പുതിയ കണ്ടെത്തൽ.
മെഡിക്കൽ കോളജ് ഹോസ്റ്റലിനോട് ചേർന്ന ഭൂമിയാണ് ഇപ്പോൾ പുതുതായി കണ്ടെത്തിയത്. ഇവിടെയാകട്ടെ രണ്ടര കോടി രൂപ ഉപയോഗിച്ച് കോംപ്ലക്സിന്റെ നിർമാണം പൂർത്തീകരിക്കാനും സാധിക്കില്ല. 7,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മൂന്നു നിലകളിലായി നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
നിലവിൽ അനുവദിച്ച രണ്ടര കോടി രൂപ ഉപയോഗിച്ച് താഴത്തെ നിലയുടെ പകുതി ഭാഗം മാത്രമേ നിർമിക്കാനാകൂ. ഫണ്ടിന്റെ അപര്യാപ്തത സർക്കാറിനെ അറിയിച്ചെങ്കിലും ഉള്ളത് കൊണ്ട് നിർമാണം നടത്തൂ എന്നാണ് മറുപടി. ആശുപത്രിക്കാവശ്യമായ മരുന്നുകൾ, ഡയാലിസിസ് ചെയ്യാനാവശ്യമായ ഉപകരണങ്ങൾ, കെമിക്കലുകൾ, ഓപറേഷൻ തിയറ്ററിനാവശ്യമായ സാമഗ്രികൾ, ശുചീകരണ സാധനങ്ങൾ, മറ്റു ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കാൻ സ്റ്റോർ കോംപ്ലക്സ് ആവശ്യമാണ്.
സ്റ്റോർ കോംപ്ലക്സ് നിർമിക്കണമെന്ന് നേരത്തെ ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.