സൈക്കിളല്ല, സൈ...ക്കിൾ, മൂന്നുപേർക്ക് ചവിട്ടാവുന്ന സൈക്കിൾ നിർമിച്ച് മഞ്ചേരിയിലെ യുവാക്കൾ
text_fieldsമഞ്ചേരി: ഒരേസമയം മൂന്നുപേർക്ക് ചവിട്ടാൻ പറ്റുന്ന സൈക്കിൾ നിർമിച്ച് മഞ്ചേരിയിലെ യുവാക്കൾ. വട്ടപ്പാറയിലെ കല്ലായി വീട്ടിൽ നൗഫൽ (30), സഹോദരങ്ങളായ റിൻഷാദ് (23), ദിൽഷാദ് (21), ഇവരുടെ ബന്ധു മുള്ളമ്പാറ സ്വദേശി വടക്കൻ വീട്ടിൽ സൽമാൻ (25) എന്നിവർ ചേർന്നാണ് ഇത് നിർമിച്ചത്. കാഴ്ചയിൽ സാധാരണ സൈക്കിൾ പോലെയാണെങ്കിലും അൽപം നീളക്കൂടുതലുണ്ട്.
മൂന്നുപേർക്ക് ഒരേ സമയം സഞ്ചരിക്കാൻ പറ്റും. മൂന്ന് സീറ്റിന് പുറമെ മൂന്നു പേർക്ക് ചവിട്ടാവുന്ന രീതിയിൽ ഹാൻഡിലുകളും പെഡലുകളും ഒരുക്കിയിട്ടുണ്ട്. മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കും ക്രമീകരിച്ചു. നടുവിലായി സ്റ്റാൻഡും ഒരുക്കിയിട്ടുണ്ട്.
ലോക്ഡൗൺ കാലത്ത് ജോലിയില്ലാതെ വീട്ടിലിരുന്നപ്പോഴാണ് ഇത്തരമൊരു ആശയം യാഥാർഥ്യമാക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങിയത്. രണ്ടാഴ്ചയെടുത്താണ് നിർമാണം പൂർത്തീകരിച്ചത്. പതിനായിരത്തോളം രൂപ ചെലവ് വന്നു. അടിക്കടിയുള്ള പെട്രോൾ വിലവർധന മറികടക്കാനാണ് സൈക്കിൾ നിർമിച്ചതെന്ന് യുവാക്കൾ പറഞ്ഞു. അടുത്തതായി ഓട്ടോമാറ്റിക് മൗസ് ട്രാപ് നിർമിക്കാനുള്ള തയാറെടുപ്പിലാണിവർ. നൗഫൽ, ദിൽഷാദ് എന്നിവർ തുറക്കൽ കിഴിശ്ശേരി റോഡിലെ പിച്ചു ഇൻഡസ്ട്രിയൽ ഷോപ്പിലെ ജീവനക്കാരാണ്. സൽമാൻ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നു. റിൻഷാദ് സൈബർ സെക്യൂരിറ്റി കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.