സന്തോഷ് ട്രോഫി:ടിക്കറ്റെടുത്തിട്ടും കളി കാണാന്‍ സാധിക്കാത്തവർ നിയമനടപടിക്ക്
text_fieldsമഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാള്‍ മത്സരത്തിന് ടിക്കറ്റെടുത്തിട്ടും കളികാണാന്‍ സാധിക്കാത്ത ഫുട്ബാള്‍ പ്രേമികള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു.
ഫൈനല്‍ മത്സരം കാണാന്‍ വൈകീട്ട് നാലിന് പയ്യനാട് സ്റ്റേഡിയത്തില്‍ എത്തി ടിക്കറ്റ് എടുത്തിട്ടും ഗാലറിയിലേക്ക് പ്രവേശിക്കാനോ കളി കാണാനോ സാധിക്കാത്ത കാവനൂര്‍ സ്വദേശി കെ.പി. മുഹമ്മദ് ഇഖ്ബാല്‍, ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ടിക്കറ്റ് റിസർവ് ചെയ്ത് കൊല്ലത്തുനിന്ന് കളി കാണാന്‍ എത്തുകയും എന്നാല്‍, സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദം നിഷേധിക്കപ്പെടുകയും ചെയ്ത കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു എന്നിവരാണ് നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്.
ഇരുവര്‍ക്കും വേണ്ടി അഡ്വ. പി. സാദിഖലി അരീക്കോട് സന്തോഷ് ട്രോഫി സംഘാടകരായ സംസ്ഥാന സർക്കാർ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ, ജില്ല സ്പോർട്സ് കൗൺസിൽ എന്നിവർക്ക് നോട്ടീസ് അയച്ചു. സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയേക്കാൾ അധികം ടിക്കറ്റ് വിൽപന നടത്തി ഫുട്ബാൾ പ്രേമികളെ വഞ്ചിച്ചെന്നാണ് ആരോപണം.
കളി കാണാൻ സാധിക്കാത്തവർക്ക് ടിക്കറ്റ് നിരക്കും വിവിധ ജില്ലകളിൽനിന്നെത്തിയവർക്ക് അതിനുള്ള നഷ്ടപരിഹാരവും നൽകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. സന്തോഷ് ട്രോഫിയിലെ ഉദ്ഘാടന മത്സരമായ കേരളം -രാജസ്ഥാൻ, സെമിയിൽ കേരളം -കർണാടക, കേരളം -ബംഗാൾ ഫൈനൽ മത്സരത്തിലും ടിക്കറ്റ് എടുത്ത നിരവധി പേർക്ക് കളി കാണാൻ സാധിച്ചിരുന്നില്ല. പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.