മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം; ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ആർ.ടി.എക്ക് നിർദേശം
text_fieldsമഞ്ചേരി: മഞ്ചേരിയിൽ നടപ്പാക്കാൻ തീരുമാനിച്ച ഗതാഗത പരിഷ്കാരത്തിൽ ഹൈകോടതിയുടെ ഇടപെടൽ. റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) മഞ്ചേരി ബസ് സ്റ്റാൻഡ് പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. പരിഷ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നൽകിയ റിട്ട് ഹരജിയിലാണ് കോടതിയുടെ നടപടി.
കേസ് ഫെബ്രുവരി 21ന് വീണ്ടും പരിഗണിക്കും. നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പൊളിച്ച സാഹചര്യത്തിലാണ് നഗരത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത്. ഇതിനെതിരെ ബസ് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ചൊവ്വാഴ്ച മുതൽ പരിഷ്കാരം നടപ്പാക്കാനായിരുന്നു ട്രാഫിക് റെഗുലേറ്ററി തീരുമാനം. എന്നാൽ, ബസ് ഉടമകൾ സഹകരിക്കാതിരുന്നതോടെ പരിഷ്കാരം നടപ്പായില്ല. ഇതോടെ ബസുകൾ പഴയ രീതിയിൽ തന്നെ സർവീസ് നടത്തി.
ആനക്കയം ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് വരുന്നതും തിരിച്ച് ആനക്കയം ഭാഗത്തേക്ക് പോകേണ്ടതുമായ മുഴുവൻ ബസുകളും ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽനിന്ന് ഓപറേറ്റ് ചെയ്യണമെന്നായിരുന്നു പ്രധാന നിർദേശം. എന്നാൽ, പഴയതുപോലെ ഈ ഭാഗത്തുനിന്ന് വരുന്ന ബസുകൾ തുറക്കൽ ബാപ്പുട്ടി ബൈപാസ് വഴി മുനിസിപ്പൽ ഓഫിസ് വഴി സീതി ഹാജി സ്റ്റാൻഡിലെത്തി സർവിസ് നടത്തി.
പരിഷ്കാരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ല കലക്ടർ, ആർ.ടി.ഒ, ഡിവൈ.എസ്.പി എന്നിവരെയും സമീപിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് ഉദ്ഘാടനം കഴിഞ്ഞ ഐ.ജി.ബി.ടി സ്റ്റാൻഡ് സജീവമാക്കുക കൂടിയാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം.
ഗതാഗത പരിഷ്കാരം നടപ്പാക്കാത്തതിനെതിരെ നഗരസഭ കൗൺസിലിൽ പ്രമേയം
മഞ്ചേരി: മഞ്ചേരിയിൽ ട്രാഫിക് റെഗുലേറ്ററി തീരുമാന പ്രകാരമുള്ള ഗതാഗത പരിഷ്കാരം നടപ്പാക്കാത്തതിനെതിരെ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രമേയം. 38ാം വാർഡ് കൗൺസിലർ ടി.എം. നാസറാണ് പ്രമേയം അവതരിപ്പിച്ചത്. ഏഴാം വാർഡ് കൗൺസിലർ അഡ്വ. ബീന ജോസഫ് പിന്താങ്ങി. നഗരത്തിലെ അഹമ്മദ് കുരിക്കള്‍ സ്മാരക ബസ്ബേ കം-ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം ആരംഭിച്ച സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് ചേർന്ന കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്.
ഫെബ്രവരി ആറ് മുതൽ നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, തീരുമാനം നടപ്പാക്കാൻ അധികൃതരുടെ നിസ്സംഗത മൂലം സാധിച്ചില്ല. പുതിയ പരിഷ്കാരം നഗരത്തിലെ തിരക്ക് കുറക്കാനും ഇന്ദിരാഗാന്ധി സ്മാരക ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതോടെ ഐക്യകണ്ഠ്യേന പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.