മഞ്ചേരിയിൽ ഗതാഗത പരിഷ്കാരത്തിന് റെഡ് സിഗ്നൽ
text_fieldsമഞ്ചേരി: മഞ്ചേരിയിൽ ട്രാഫിക് റെഗുലേറ്ററി തീരുമാന പ്രകാരം ചൊവ്വാഴ്ച മുതൽ നടപ്പാക്കാനിരുന്ന ഗതാഗത പരിഷ്കാരം നടപ്പിലായില്ല. ബസുടമകളുടെ സമ്മർദത്തെ തുടർന്ന് ബസുകൾ പഴയ രീതിയിൽ തന്നെ സർവിസ് നടത്തുകയാണ് ചെയ്തത്.
ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരുന്നതും തിരിച്ച് ആനക്കയം ഭാഗത്തേക്ക് പോകേണ്ടതുമായ മുഴുവൻ ബസുകളും ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ നിന്ന് ഓപറേറ്റ് ചെയ്യണമെന്നായിരുന്നു പ്രധാന നിർദേശം. എന്നാൽ, പഴയപോലെ ഈ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ തുറക്കൽ ബാപ്പുട്ടി ബൈപാസ് വഴി മുനിസിപ്പൽ ഓഫിസ് വഴി സീതി ഹാജി സ്റ്റാൻഡിലെത്തി സർവിസ് നടത്തി.
പരിഷ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കേസ് പരിഗണിച്ചിരുന്നെങ്കിലും വിശദമായ വാദം കേൾക്കുന്നതിന് ബുധനാഴ്ച രാവിലെ വീണ്ടും പരിഗണിക്കും. നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പൊളിച്ച സാഹചര്യത്തിലാണ് നഗരത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത്. തീരുമാനം നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് നഗരസഭ.
പരിഷ്കാരം നടപ്പിലാക്കേണ്ടത് പൊലീസും മോട്ടോർ വാഹന വകുപ്പും ആണ്. നടപ്പാക്കിയില്ലെങ്കിൽ നഗരത്തിലെ തിരക്ക് വർധിക്കുമെന്നും അതിന് ഉത്തരവാദിത്വം നഗരസഭക്ക് ഉണ്ടാകില്ലെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. പരിഷ്കാരം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ല കലക്ടറെയും ആർ.ടി.ഒയെയും സമീപിച്ചിരുന്നു. ബസുടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരം ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.