സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാർ; കെൽട്രോണിന് 1.30 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനം
text_fieldsമഞ്ചേരി: സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിക്കാൻ 1.30 ലക്ഷം രൂപ അനുവദിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. കെൽട്രോണുമായി ഒരു വർഷത്തേക്ക് വാർഷിക അറ്റകുറ്റപ്പണി കോൺട്രാക്ട് (എ.എം.സി) പ്രകാരമുള്ള തുകയാണിത്. ഈ കാലയളവിൽ വരുന്ന തകരാറുകൾ കെൽട്രോൺ പരിഹരിക്കും.
അടിക്കിടെ സിഗ്നൽ തകരാറിലാകുന്നത് ഗതാഗതക്കുരുക്കിനും വഴിവെച്ചു. കാലപ്പഴക്കവും യന്ത്രങ്ങളുടെ തകരാറും പലപ്പോഴും സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം നിലക്കുന്നതിന് കാരണമായിരുന്നു. ഇതോടെയാണ് ഒരുവർഷത്തേക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിന് കെൽട്രോണുമായി കരാർ വെക്കുന്നതിന് കൗൺസിൽ തീരുമാനിച്ചത്. 2010ലാണ് സെൻട്രൽ ജങ്ഷനിൽ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത്.
പി.എം.എ.വൈ (നഗരം)- ലൈഫ് പദ്ധതി 2024 ഡിസംബറിൽ അവസാനിക്കാനിരിക്കെ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ അംഗീകാരം ലഭിച്ച വിവിധ ഡി.പി.ആറുകളിൽ ഉൾപ്പെട്ട നഗരസഭയുമായി കരാർവെക്കാത്ത ഗുണഭോക്താക്കളെ പദ്ധതിയിൽനിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
മഞ്ചേരി ഐ.ജി.ബി.ടി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫിസ് നേരത്തെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി -രണ്ട് പ്രവർത്തിച്ചിരുന്ന മുറിയിലേക്ക് മാറ്റാനും തീരുമാനിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അപേക്ഷ പരിഗണിച്ചാണിത്.
ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷൻ യാഷിക് മേച്ചേരി, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, ഹുസൈൻ മേച്ചേരി, അഷ്റഫ് കാക്കേങ്ങൽ, ഷൈമ ആക്കല മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ, ഷറീന ജവഹർ, സെക്രട്ടറി എച്ച്. സിമി, മുനിസിപ്പൽ എൻജിനീയർ പി. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.