കുടിവെള്ള പൈപ്പുകൾ മാറ്റും; റോഡ് കീറാൻ ജല അതോറിറ്റിക്ക് അനുമതി
text_fieldsമഞ്ചേരി: നഗരത്തിലെ കുടിവെള്ള പൈപ്പുകൾ മാറ്റാൻ റോഡ് കീറാൻ ജല അതോറിറ്റിക്ക് അനുമതി. കൗൺസിൽ ഹാളിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
കിഫ്ബിയിൽ ഉൾപ്പെടുത്തി നഗരത്തിലെ കുടിവെള്ള പൈപ്പ് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 40 വർഷത്തിലേറെ പഴക്കമുള്ള എ.സി പൈപ്പുകൾ മാറ്റി ഡി.ഐ പൈപ്പുകളാക്കുകയാണ് ചെയ്യുന്നത്. 17 കോടി രൂപയാണ് ചെലവ്. ചെരണിയിലെ ടാങ്ക് മുതൽ കച്ചേരിപ്പടി വരെയും മഞ്ചേരി സെൻട്രൽ ജങ്ഷൻ മുതൽ നറുകര പാക്കരത്ത് കോളനി വരെയുമുള്ള പൈപ്പുകളാണ് മാറ്റുന്നത്.
പൊതുമരാമത്ത് വകുപ്പിെൻറ അധീനതയിലുള്ള റോഡിലെ ചില ഭാഗങ്ങളിൽ കുഴിയെടുക്കാൻ അനുമതി ലഭിച്ചിരുന്നില്ല. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിനായി മരാമത്ത് വകുപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റവ് സൊസൈറ്റിക്ക് റോഡ് കൈമാറിയതായിരുന്നു കാരണം. റോഡ് കീറുന്നതിനായി ഇവരുടെ കൂടി അനുമതി തേടേണ്ടി വന്നു. എന്നാൽ, ചില ഭാഗങ്ങളിൽ റോഡ് പൂർണമായും നവീകരിച്ചു. പ്രവൃത്തിക്ക് ബന്ധപ്പെട്ടവർ അനുമതി നിഷേധിച്ചതോടെ വൈകുകയായിരുന്നു. ഇതോടെ എം.എൽ.എ ഇടപെട്ട് ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാരുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിക്കുകയായിരുന്നു.
റോഡ് കീറുന്നതിനാവശ്യമായ തുക ജല അതോറിറ്റി മരാമത്ത് വകുപ്പിൽ കെട്ടിവെക്കും. നെല്ലിപ്പറമ്പിലെ 260 മീറ്ററും തുറക്കൽ ജങ്ഷൻ, സെൻട്രൽ ജങ്ഷൻ മുതൽ സീതി ഹാജി ബസ് സ്റ്റാൻഡ് വരെയും പൈപ്പുകൾ മാറ്റും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലോക്ഡൗൺ തീരുന്നതിന് മുമ്പുതന്നെ പ്രവൃത്തി നടത്തും.
എം.എൽ.എക്ക് പുറമെ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ ടി.എം. നാസർ, മരുന്നൻ മുഹമ്മദ്, സി. സക്കീന, ജസീനാബി അലി, നഗരസഭ സെക്രട്ടറി പി. സതീഷ് കുമാർ, കൗൺസിലർമാരായ വി.പി. ഫിറോസ്, എൻ.കെ. ഉമ്മർ ഹാജി, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ അഷ്റഫ്, അസി. എൻജിനീയർ പ്രദീപ് കുമാർ, ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ പി. മുഹമ്മദ് സിദ്ദീഖ്, മറ്റു ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.