എന്ന് തീരും ഈ ദുരിതം?; പൂർത്തിയാകാതെ മെഡിക്കൽ കോളജ് ആശുപത്രി റോഡിലെ അഴുക്കുചാൽ നിർമാണം
text_fieldsമഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗം റോഡിൽ അഴുക്കുചാലിന്‍റെയും റോഡിന്‍റെയും പ്രവൃത്തി പൂർത്തിയാകാത്തത് ആശുപത്രിയിലെത്തുന്നവർക്ക് ദുരിതമാകുന്നു. വീതി കുറഞ്ഞ റോഡിൽ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻഡും മറുഭാഗത്ത് അനധികൃത പാർക്കിങ്ങും കൂടിയായതോടെ ദുരിതം ഇരട്ടിയായി. ഇടുങ്ങിയ റോഡിന്‍റെ ഒരുവശത്ത് അഴുക്കുചാലിനായി കുഴിയെടുത്തതോടെ രോഗികളുമായി വരുന്ന വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുകയാണ്. മണ്ണെടുത്തതോടെ അത്യാഹിത വിഭാഗത്തിന് മുന്നിലെ വൈദ്യുതിക്കാലും അപകട ഭീഷണി ഉയർത്തുകയാണ്. ഏതു നിമിഷവും തകരുമെന്ന സ്ഥിതിയിലാണിത്.
റോഡിന്‍റെയും അഴുക്കുചാലിന്‍റെയും പ്രവൃത്തി കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തീകരിക്കാനായിരുന്നു കരാറുകാരനുമായുള്ള നഗരസഭയുടെ ധാരണ. മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതി പാതിവഴിയിലാണ്.
റോഡിന്‍റെ ശോച്യാവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലേക്കും പരാതിയെത്തുന്നുണ്ട്. കരാറുകാരനെയും നഗരസഭയെയും സമീപിച്ച് പരാതി പറഞ്ഞിട്ടും രക്ഷയില്ലാതായതോടെയാണ് നാട്ടുകാര്‍ മന്ത്രിയുടെ ഓഫിസിലും കലക്ടറോടും പരാതി പറഞ്ഞത്. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും കലക്ടറും നഗരസഭ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
60 ലക്ഷം രൂപ ടെന്‍ഡറില്‍ നാലു പ്രവൃത്തികളാണ് നഗരസഭ ഈ കരാറുകാരന് നല്‍കിയത്. ഇതില്‍ ഒരു പ്രവൃത്തിപോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു. മെഡിക്കല്‍ കോളജ് റോഡും അഴുക്കുചാല്‍ നിര്‍മാണവും ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയായിരുന്നു. ഇതില്‍ റോഡ് റീ ടാറിങ്ങിന് 2.90 ലക്ഷം രൂപക്കാണ് ടെൻഡര്‍ നല്‍കിയത്. കൃത്യസമയത്ത് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭക്കുണ്ടായത്. സമയത്തിന് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ നഗരസഭക്ക് നഷ്ടം വരുത്തിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് ഭരണപക്ഷം. അതേസമയം, അഴുക്കുചാലിനായി കുഴിയെടുത്ത ചില ഭാഗത്ത് പാറ കണ്ടതാണ് പ്രവൃത്തി വൈകാൻ കാരണമെന്ന് കരാറുകാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.