ഇന്ന് ലോക നഴ്സസ് ദിനം: കോവിഡിനെ തുരത്താൻ മുൻനിരയിൽ ഈ ദമ്പതികളും സഹോദരിമാരും
text_fieldsമഞ്ചേരി: കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുമ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഇവിടത്തെ ആരോഗ്യപ്രവർത്തകർ. ഈ നഴ്സസ് ദിനത്തിലും അതിന് മാറ്റമില്ല. കോവിഡിനെ പടികടത്താൻ കൈമെയ് മറന്ന് പോരാടുകയാണവർ.
അതിൽ ദമ്പതിമാരും സഹോദരങ്ങളും അമ്മയും മക്കളും വരെ ഉൾപ്പെടുന്ന മാലാഖമാരും ഗന്ധർവൻമാരും ഉണ്ട്. കൊല്ലം പുനലൂർ സ്വദേശി എസ്. ശ്യാമും (29), ഭാര്യ പാലക്കാട് സ്വദേശിനി എം. രമ്യയും (27) ദമ്പതിമാരുടെ പ്രതിനിധികളും വണ്ടൂർ സ്വദേശിനികളായ അമൃതയും (33) മൃതുലയും (30) സഹോദരങ്ങളുടെ പ്രതിനിധികളും മാത്രം.
2019ലാണ് ശ്യാം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഒരു വർഷത്തിന് ശേഷം കോവിഡ് എത്തിയതോടെ കോവിഡ് ഡ്യൂട്ടിയായി. ആദ്യ ഘട്ടത്തിൽ വാർഡിലും പിന്നീട് ഐ.സി.യു എന്നിവിടങ്ങളിലും ജോലി ചെയ്തു. നിലവിൽ സാമ്പ്ൾ ശേഖരണവുമായി ബന്ധപ്പെട്ട ഡേറ്റ തയാറാക്കുന്ന ഡ്യൂട്ടിയിലാണ്. ഭാര്യ രമ്യ കോവിഡ് ആരംഭിച്ചതിന് ശേഷമാണ് മെഡിക്കൽ കോളജിലെത്തിയത്. ഇരുവരും കോവിഡ് രോഗികളെ പരിചരിച്ചു. രമ്യ എട്ട് മാസം ഗർഭിണിയാണ്.
ഇതോടെ നിലവിൽ കോവിഡ് ഇതര വാർഡിലാണ് ജോലി ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ വർഷത്തെ പോലെ ക്വാറൻറീനും ഒന്നും ലഭിക്കുന്നില്ലെന്ന് ശ്യാം പറഞ്ഞു. ഒരുമിച്ചു നിന്നാൽ നമുക്ക് ഈ മഹാമാരിയെ വൈകാതെത്തന്നെ പടികടത്താമെന്നും ശ്യാം പ്രതീക്ഷ പുലർത്തി.
2020 മാര്‍ച്ചില്‍ ആദ്യമായി ജില്ലയിൽ േകാവിഡ് സ്ഥിരീകരിച്ച അന്നു മുതൽ സഹോദരങ്ങളായ അമൃതയും മൃതുലയും മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്. 2009ല്‍ മഞ്ചേരി നഴ്സിങ് സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച അമൃത അഞ്ചുവര്‍ഷം മുമ്പാണ് സ്റ്റാഫ് നഴ്സായത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ മൃതുല കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ദിവസവേതനാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. അന്നുതൊട്ട് ഇതുവരെ കോവിഡ് ഐ.സി.യുവിലും ഐസൊലേഷന്‍ വാര്‍ഡിലും സ്രവപരിശോധന വിഭാഗത്തിലും ഇരുവരും സജീവമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.