അരിവാൾക്കൊക്കന്മാരുടെ വിരുന്ന്; വയലുകളിൽ സുന്ദരകാഴ്ച
text_fieldsമങ്കട: പ്രളയം ഒഴിഞ്ഞ വയലുകളിൽ തീറ്റതേടി അരിവാൾക്കൊക്കന്മാർ വിരുന്നെത്തി. മങ്കടയിലും പരിസരങ്ങളിലും ഏതാനും ദിവസങ്ങളിലായി ചേരാ കൊക്കൻ, വൈറ്റ് ഐബിസ് എന്ന അരിവാൾ കൊക്കൻ (കഷണ്ടി കൊക്ക്), ചിന്നമുണ്ടി, കുളക്കൊക്ക് മറ്റു നാടൻ കൊക്കുകൾ എന്നിവ കൂട്ടത്തോടെ തീറ്റ തേടിയെത്തുന്നത് നാട്ടുകാർക്ക് കൗതുക കാഴ്ചയായി.
കൂട്ടത്തിൽ വലിയ ശരീരപ്രകൃതിയും കറുത്ത കഷണ്ടിത്തലയുമുള്ള വെള്ള അരിവാൾ കൊക്കനാണ് താരം. ദേശാടന സ്വഭാവമുള്ളവരാണെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ് കഷണ്ടികൊക്ക്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങി ജപ്പാൻ വരെയുള്ള ഏഷ്യയുടെ തെക്കു കിഴക്കൻ ഭാഗങ്ങളിൽ ഇവയെ കണ്ടുവരുന്നു.
ഈയിടെയായി കേരളത്തിൽ ഇവ കൂടുകെട്ടി താമസിക്കുന്നതായും പ്രജനനം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. ജലാശയങ്ങൾക്ക് സമീപവും ചതുപ്പുനിലങ്ങളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. അരിവാളുപോലെ നീണ്ട് വളഞ്ഞ കറുത്ത നിറമുള്ള കൊക്ക് ഇതിന്റെ മുഖ്യ ആകർഷണമാണ്. കൊക്കിനും കഴുത്തിനും താഴെ ദേഹം മുഴുവൻ വെളുത്ത നിറമാണ്. കാലുകൾക്ക് കറുപ്പ് നിറം. പ്രധാന ആഹാരം തവളകളും ഒച്ചുകളും പ്രാണികളുമൊക്കെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.