നെല്‍കൃഷിക്ക് വയലുകള്‍ ഒരുങ്ങി; തൊഴിലാളിക്ഷാമം പ്രതിസന്ധി
text_fieldsമങ്കട: ചിങ്ങം പിറന്നതോടെ വയലുകളില്‍ നെല്‍കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങി. ഉഴുതുമറിക്കലും വരമ്പുകെട്ടലും ഏകദേശം പൂര്‍ത്തിയായെങ്കിലും ഞാറ്റടി തയാറായി വരുന്നതേയുള്ളൂ.
കോവിഡ് ഭീതിയെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിട്ടത് ജോലിക്കാരുടെ കുറവിന് കാരണമായി. വരമ്പ് നിര്‍മാണം, ഞാറുപറിക്കല്‍, നടീല്‍ തുടങ്ങിയ മിക്ക തൊഴിലുകളും അസം, ബംഗാൾ തൊഴിലാളികളെ ആശ്രയിച്ചാണ് നടന്നിരുന്നത്. എന്നാല്‍, തൊഴിലില്ലായ്മ പ്രതിസന്ധി സൃഷ്ടിച്ചതിനാല് ഭൂരിഭാഗവും നാടുവിട്ട അവസ്ഥയാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയഭീതിയും മറ്റും കാരണമായി മഴയുടെ ശക്തി ശമിക്കാന്‍ കാത്തിരുന്നതും കൃഷിപ്പണി വൈകാന്‍ കാരണമായി.
കര്‍ക്കടകം അവസാനത്തില്‍ ഞാറ് പാകി ചിങ്ങത്തില് പറിച്ചുനട്ട് ധനു മാസത്തില്‍ കൊയ്തെടുക്കുന്നതാണ് വെള്ളം കുറഞ്ഞ വയലുകളില്‍ ചെയ്യുന്ന മുണ്ടകന്‍ കൃഷിയുടെ ഭാഗമായ കരിങ്കറ കൃഷി.
ചിങ്ങത്തില് ഞാറ്റടി തയാറാക്കി കന്നിയില്‍ നുരിവെക്കുന്നതാണ് സാധാരണ മുണ്ടകന്‍ കൃഷി. വേനല്‍ മഴയെ ആശ്രയിച്ച് ഏപ്രില്‍ അവസാനത്തോടെ പൊടിവിതയായി ചെയ്യുന്ന വിരിപ്പുകൃഷിയും കരനെല്‍കൃഷിയും ഇപ്പോള്‍ നാമാവശേഷമാണ്.
ഇടക്ക് മഴയുടെ ശക്തി കുറയുകയും വയലുകളില്‍ വെള്ളം കുറയുകയും ചെയ്ത സാഹചര്യമാണ് മങ്കടയിലേയും പരിസര പ്രദേശങ്ങളിലെയും അവസ്ഥ. പ്രതികൂലസാഹചര്യങ്ങള് കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.