ചേരിയം തങ്ങൾതൊടിക പാലത്തിന് പച്ചക്കൊടി
text_fieldsമങ്കട: ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ചേരിയം തങ്ങൾതൊടിക പാലം പ്രവൃത്തി തുടങ്ങി. മങ്കട ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, 13 വാർഡുകളെ തമ്മിൽ യോജിപ്പിക്കുന്ന ഒരു പാലമാണ് തങ്ങൾതൊടിക പാലം. കൂട്ടിൽ, ചേരിയം ഭാഗത്തുനിന്ന് വേരുംപിലാക്കൽ ഭാഗത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന വഴിയായി ഇത് പ്രയോജനപ്പെടും. ഈ പ്രദേശങ്ങളിലുള്ളവർക്ക് കേസിലാക്കൽ സ്ഥിതി ചെയ്യുന്ന മങ്കട വില്ലേജ് ഓഫിസ്, കടന്നമണ്ണയിലുള്ള പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലേക്ക് ടൗൺ ചുറ്റാതെ എളുപ്പത്തിൽ എത്താൻ ഉപകരിക്കുമെന്നതിനാൽത്തന്നെ പാലം വളരെ പ്രധാനമാണ്.
വർഷങ്ങൾക്കുമുമ്പ് തന്നെ പാലം വേണമെന്ന മുറവിളി തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ പ്രവൃത്തി മുടങ്ങുകയായിരുന്നു. മുൻ എം.എൽ.എ ടി.എ. അഹമ്മദ് കബീറിന്റെയും ജില്ല പഞ്ചായത്തിന്റെയും ഫണ്ട് നേരത്തെ അനുവദിച്ചിരുന്നെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ പേരിൽ പ്രവൃത്തി മുടങ്ങുകയായിരുന്നു. ഈ വിഷയം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇപ്പോൾ മങ്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ഫണ്ട് വെച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ചേർത്ത് പാലവും അപ്രോച്ച് റോഡും നിർമിക്കാൻ അനുമതിയായി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചമുമ്പ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവ്യത്തി തുടങ്ങിയിട്ടുണ്ട്. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. അസ്കറലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.