കനത്ത മഴയിൽ ഞാറ്റടി നശിച്ചു: മുണ്ടകൻ കൃഷി പ്രതിസന്ധിയിൽ
text_fieldsമങ്കട: ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ വയലുകളിൽ വെള്ളം മൂടി ഞാറ്റടി വ്യാപകമായി നശിച്ചു. ഇതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. മുണ്ടകൻ കൃഷിക്ക് ഒരുക്കിയ ഒരു ദിവസം മുതൽ ഒരാഴ്ച വരെയുള്ള ഞാറ്റടികളാണ് നശിച്ചത്. പുഴകളിൽ നിന്നും തോടുകളിൽ നിന്നും വെള്ളം പൊങ്ങുന്ന വയലുകളിലെ ഞാറ്റടിയാണ് കൂടുതൽ നശിച്ചത്.
ചിങ്ങത്തിൽ ഞാറ് പാകി കന്നിയിലാണ് മുണ്ടകൾ കൃഷിക്കുള്ള ഞാറ് പറിച്ച് നടുന്നത്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി ചിങ്ങത്തിലെ ചിങ്ങാറും ചിച്ചിലും എന്ന പഴമൊഴിയുള്ള ചാറ്റൽ മഴക്ക് പകരം കനത്ത മഴയാണുണ്ടായത്. ഇതിനാൽ ഞാറ് പാകിയ ദിവസം കനത്ത മഴയുണ്ടായിരുന്നതിനാൽ വിത്ത് വ്യാപകമായി ഒലിച്ചുപോകുകയും ചേറിനടിയിൽ താഴ്ന്നു പോകുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന വിത്ത് മുളച്ച് വരുന്നതിനിടെയാണ് വെള്ളം മുട്ടിയത്. ഒലിക്കുന്ന വെള്ളത്തിലെ പച്ച പായൽ ഞാറിൽ തടഞ്ഞ് മൂടിയതിനാൽ വെള്ളം ഇറങ്ങിയാലും രക്ഷയില്ല. ഇത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുക.
കൃഷിഭവൻ മുഖേന വിതരണം ചെയ്ത മൂപ്പ് കൂടിയ പൊൻമണി നെൽവിത്താണ് കർഷകർ പാകിയത്. ഞാറ്റടി നശിച്ചതിനാൽ കടുത്ത ക്ഷാമമാണ് ഞാറിന് ഇത്തവണ ഉണ്ടാവാൻ പോകുന്നത്. എല്ലാ വർഷവും കർഷകർക്ക് ഞാറ് ബാക്കി വരികയാണ് ചെയ്യാറ്. അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ഞാറ്റടി നശിച്ച സംഭവം ഉണ്ടായിട്ടില്ലെന്ന് കർഷകൻ മണിയറയിൽ മുഹമ്മദ് പറഞ്ഞു. കർഷകർക്കുണ്ടായ നഷ്ടത്തിെൻറ കണക്ക് വെള്ളം ഇറങ്ങിയ ശേഷമേ പൂർണമായി കണക്കാക്കാനാകൂ എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.