ഇമ്രാൻ ചികിത്സ ഫണ്ട്: 17.04 കോടി സർക്കാറിന് കൈമാറി
text_fieldsമങ്കട: വലമ്പൂരില്‍ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗം ബാധിച്ച ഇമ്രാന് എന്ന കുട്ടിയുടെ ചികിത്സക്കായി ജനകീയമായി സ്വരൂപിച്ച 17.04 കോടി രൂപ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാറിന് കൈമാറിയതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. ചികിത്സ ലഭ്യമാക്കുന്നതിന് മുമ്പ് കുട്ടി മരിച്ചതിനാല്‍ പണം ഉപയോഗിക്കാതെ വന്ന സാഹചര്യത്തിലാണിത്.
ചികിത്സ ഫണ്ടിനായി പ്രത്യേകം ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് 16.60 കോടി രൂപയാണ് എത്തിയിരുന്നത്. 43.60 ലക്ഷം രൂപ പലിശ ലഭിച്ചു. ഈ പണം ഇതേ രോഗം ബാധിച്ച മറ്റു കുട്ടികള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാറിലേക്ക് നല്‍കാനാണ് ഉത്തരവുണ്ടായത്. ഇത്തരത്തില്‍ വലിയ തുക ചെലവുവരുന്ന രോഗം ബാധിക്കുന്ന കുട്ടികളുടെ ചികിത്സക്കു മാത്രമേ തുക വിനിയോഗിക്കാവൂ എന്ന് കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗേഡും മലപ്പുറം കലക്ടറും ഈ പണം ഉടന്‍ സര്‍ക്കാറിലേക്ക് അടക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പണം കൈമാറിയതെന്ന് ചികിത്സക്കായി രൂപവത്കരിച്ച കമ്മിറ്റിയുടെ ചെയര്മാന് കൂടിയായ എം.എല്‍.എ അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് മങ്കട ഫെഡറല്‍ ബാങ്കിന്റെ ചെക്ക് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.