സൗഹാര്‍ദ ശേഷിപ്പുകളായി മങ്കടയിലെ കോവിലകങ്ങള്‍
text_fieldsമങ്കട: നാട് പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ചോരയും കണ്ണീരും വീണ് കലാപങ്ങള്‍ ഉണ്ടായപ്പോഴും സ്നേഹ സൗഹാര്‍ദങ്ങളുടെ വസന്തങ്ങള്‍ കളിയാടിയ മാനവികതയുടെ നല്ല ചരിത്രമുണ്ട് മങ്കടക്ക്. വള്ളുവനാട് എന്നറിയപ്പെടുന്ന ഭൂമികയുടെ അധികാര കേന്ദ്രമായിരുന്നു മങ്കട. വള്ളുവനാട് വംശത്തിലെ ഏറ്റവും പ്രബലമായ കുടുംബമാണ് മങ്കട കേന്ദ്രീകരിച്ച് താമസിച്ചിരുന്നത്. പന്തല്ലൂരില്‍ വസിച്ചിരുന്ന വള്ളുവനാട് ഭരണാധികാരികളുടെ പിന്മുറക്കാര്‍ മറവന്മാരുടെ ആക്രമണവും ജലക്ഷാമവും കാരണമായി കടന്നമണ്ണയിലും പിന്നീട് ഒരു ശാഖ മങ്കടയിലും ആയിരനാഴിപ്പടിയിലും അരിപ്രയിലുമായി താമസം തുടങ്ങി എന്നാണ് ചരിത്രം.
1921 ആഗസ്റ്റ് 20ന് നടന്ന മലബാര്‍ കലാപം മങ്കടയിലും ഭീതി പരത്തി. നാട്ടില്‍നിന്ന് പ്രത്യേകം റിക്രൂട്ട് ചെയ്യപ്പെട്ട മുസ്‌ലിംകള്‍ അടങ്ങുന്ന സംഘം കോവിലകത്തിന് കാവല്‍നിന്നു. ഇത് പില്‍ക്കാലത്ത് ചിട്ടയായ കാവല്‍ വ്യവസ്ഥയാക്കി മാറ്റി. 15 കാവല്‍പുരകളാണ് അന്ന് പണിതതെന്നാണ് ചരിത്രം. കൃത്യമായി വേതനം സ്വീകരിച്ചിരുന്ന 800 കാവല്‍ക്കാര്‍ അന്ന് കോവിലകത്തിന് ചുറ്റുമുണ്ടായിരുന്നു.
കടന്നമണ്ണ കോവിലകത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിശാലമായ പൂവമ്പാടത്തെ കാഴ്ചകള്‍, ചരിത്ര ശേഷിപ്പുകള്‍, മങ്കട കോവിലകത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വയലുകള്‍, വെളുത്തേടത്ത് കുളം, കോവിലകത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുളം, പുരാതന ക്ഷേത്രങ്ങള്‍, ഉരുപ്പടികള്‍ ആയിരനാഴി കോവിലകത്തോട് ചേര്‍ന്ന കാഴ്ചകള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. എന്നാല്‍, മിക്ക കോവിലകങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്. സംരക്ഷിക്കാന്‍ ആളില്ലാതെ പല ഭാഗങ്ങളും പൊളിച്ചുമാറ്റിയും തകര്‍ന്നുവീണും ഇവ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കടന്നമണ്ണ കോവിലകത്തിന്റെ മുകളിലത്തെ നിലകള്‍ പൊളിച്ചുമാറ്റിയിരുന്നു. ഇപ്പോള്‍ താഴെ നില മാത്രമാണ് നിലനില്‍ക്കുന്നത്. ആയിരം നാഴി വെച്ചു വിളമ്പിയിരുന്ന പ്രശസ്തമായ ആയിരനാഴി കോവിലകവും ഒട്ടേറെ ചരിത്ര പാരമ്പര്യമുള്ളതാണ്. എം.ടിയുടേതടക്കം നിരവധി മലയാള സിനിമകള്‍ക്ക് വേദിയായ ഈ കോവിലകവും ഇന്ന് നാശത്തിന്റെ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.