മലബാര്‍ സമരം: മങ്കടയിലെ രക്തസാക്ഷിത്വത്തിന് 100 വയസ്സ്
text_fieldsമങ്കട: 1921 ഡിസംബര്‍ ഒമ്പതിന് മങ്കടയില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ച എട്ടുപേരുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നൂറ്റാണ്ട് തികയുന്നു. ബ്രിട്ടീഷ് ആര്‍ക്കൈവ്സ് രേഖകളില്‍ മങ്കട കോവിലകം പരിധിയില്‍ കൊല്ലപ്പെട്ട കടന്നമണ്ണ സ്വദേശികളായ അബൂബക്കര്‍, അഹമ്മദ്കുട്ടി, ചീതയില് കോയക്കുട്ടി, കൂരിപ്പാറ ഹസന്‍കുട്ടി, ചേരൂര്‍ കുഞ്ഞിമുഹമ്മദിെൻറ മകന് മുഹമ്മദ്, സൈതാലി, വെള്ളില വട്ടന്തൊടിക മൊയ്തീന്‍കുട്ടി എന്നീ എട്ട് മാപ്പിളമാരുടെ പേരുകളാണുള്ളത്. പ്രദേശത്ത് ഭരണകൂടത്തിെൻറ ആക്രമണത്തിന് ഇരയായി മൊത്തം 14 പേര് മരിച്ചെന്നും രേഖയില്‍ പറയുന്നു. ഇതിനു പുറമെ ലഭ്യമായ വിവരങ്ങളനുസരിച്ച ് ബ്രിട്ടീഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 13 ആളുകളുടെ പേരുകളും ഖബറിടങ്ങളും പ്രാദേശികമായി കണ്ടെത്തിയിട്ടുണ്ട്.
1921 ഫെബ്രുവരി മൂന്നിന് വെള്ളില യു.കെ പടിയില്‍നിന്ന് അപ്പംകുളയന് മൊയ്തീനെയും മറ്റു മൂന്നുപേരെയും ബ്രിട്ടീഷ് പട്ടാളം പിടികൂടി. മൊയ്തീെൻറ കൈവശം 303 റൈഫിളുണ്ടായിരുന്നെന്നും ഇവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് നടത്തിയിരുന്നെന്നും ഇവര്‍ക്ക് പ്രദേശത്ത് സമരത്തിന് നേതൃത്വം നല്‍കിയിരുന്ന കോയാമു ഹാജിയുടെ സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ച് പട്ടാളം ഇവരെ വെടിവെച്ചുകൊന്ന് മൃതദേഹം കത്തിച്ചു. യു.കെ പടിയിലെ കളത്തില്‍ തൊടികയിലാണ് ഇവരുടെ ഖബറുള്ളത്. പള്ളിപ്പുറം മുതല്‍ പാണ്ടിക്കാട് വരെയുള്ള പ്രദേശങ്ങള്‍ക്കിടയില്‍ സമരത്തിന് നേതൃത്വം കൊടുത്തിരുന്നത് കഴുക്കുന്നമ്മൽ കോയാമു ഹാജിയായിരുന്നു.
ചേലക്കര വീരാന്‍കുട്ടി, തലാപ്പില്‍ കുരിക്കള്‍ കുടുംബത്തില്‍പെട്ട ഒരാള്‍, പ്രദേശത്തെ മറ്റൊരാള്‍ എന്നിങ്ങനെ നാലുപേരെയും വെടിവെച്ച് കൊന്ന ശേഷം ബ്രിട്ടീഷ് പട്ടാളം ചുട്ടെരിച്ചു. കടന്നമണ്ണ പാറച്ചോട്ടില്പടി പ്രദേശത്ത് വയലില്‍ വെച്ച് വെള്ളപ്പട്ടാളത്തിെൻറ വെടിയേറ്റ് മരിച്ച നരിക്കുന്നന്‍ സഹോദരങ്ങളായ സൈതാലി, അയമുട്ടി, മോയീന്‍, വെള്ളില പുത്തന്‍വീട്ടില്‍ പ്രദേശത്തെ ചാളക്കതൊടി, മാരാതൊടി എന്നീ കുടുംബങ്ങളില്‍പെട്ട മൊയ്തീന്‍കുട്ടി, മരക്കാര്‍ എളാപ്പ, അസ്സന്‍മോയു, കുഞ്ഞിപ്പോക്കര്, മരക്കാര്‍, ചേരിയത്ത് വെടിയേറ്റുമരിച്ച് ചേരിയം പ്രദേശത്തുതന്നെ മറവു ചെയ്യപ്പെട്ട കോരിയാട്ടില്‍ കുഞ്ഞിമൊയ്തു എന്നിവരും 1921ല്‍ വിവിധ സന്ദര്‍ഭങ്ങളിലായി ബ്രിട്ടീഷ് പട്ടാളത്തിെൻറ വെടിയേറ്റ് മരിച്ചു വീണവരാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി വെള്ളിലയില്‍ മാത്രം 14 പേര് വെടിയേറ്റു മരിച്ചതായി ചരിത്രമുണ്ട്. ഇതിന് പിന്‍ബലമേകുന്ന രീതിയില്‍ വെള്ളില ഓട്ടുപാറയിലെ വയര്‍ലെസ് സ്റ്റേഷന് ആക്രമിച്ചവരെ മങ്കട കോവിലകത്തുനിന്ന് പോയ പട്ടാളം വെടിവെച്ചതായി ഹിച്ച്കോക്ക് എഴുതിയ ചരിത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.