മുഖ്യമന്ത്രി അറിയാൻ; മങ്കടയിലെ ആദിവാസികൾക്കുമുണ്ട് സങ്കടങ്ങൾ ബോധിപ്പിക്കാൻ
text_fieldsമങ്കട: ഇന്ന് മുഖ്യമന്ത്രി മങ്കടയിലെ നവകേരള സദസ്സിൽ പങ്കെടുക്കുമ്പോൾ മങ്കട ചേരിയം മലയിലെ ആദിവാസികൾക്കുമുണ്ട് കുറെ സങ്കടങ്ങൾ ബോധിപ്പിക്കാൻ. നൂറ്റാണ്ടുകാലം ചേരിയം മലയിൽ കഴിഞ്ഞ ആദിവാസി സമൂഹത്തിന് 2015ൽ കുമാരഗിരി എസ്റ്റേറ്റ് ഉടമകൾ അനുവദിച്ച വെട്ടിലാലയിലെ മലഞ്ചെരുവിലെ 30 സെൻറ് ഭൂമിയിൽ പട്ടികവർഗ വകുപ്പ് ആറ് വീടുകൾ നൽകി. ഇതോടെയാണ് കള്ളിക്കൽ പാറമടയിൽ നിന്നും ആദിവാസികൾ വെട്ടിലാലയിലേക്ക് താമസം മാറ്റിയത്. മൂന്ന് സെന്റ് ഭൂമിയിലുള്ള പുരയിടം അല്ലാതെ മറ്റൊന്നും ഇവർക്ക് അനുവദിച്ചിട്ടില്ല. കുടിവെള്ളം പോലും ഒരുക്കാതെയാണ് അന്ന് വീടുകൾ ഉദ്ഘാടനം ചെയ്തത്. ഇത് ഏറെ വിവാദമായെങ്കിലും വർഷങ്ങൾക്കുശേഷമാണ് ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഓരോ കുഴൽ കിണറുകൾ നിർമിച്ചത്.
എന്നാൽ, വെള്ളം കുറവായതിനാൽ കുഴൽ കിണർ കൊണ്ടും പ്രശ്നം പരിഹരിച്ചില്ല. ആദിവാസികൾക്ക് മാത്രമായി ഒരു കുടിവെള്ള പദ്ധതി വേണമെന്ന ആവശ്യം ഉയർന്നെങ്കിലും ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല. കാട്ടിലെ മരുന്ന് പറിച്ച് വിറ്റ് ജീവിക്കുന്ന ഇവർക്ക് കൃഷി ചെയ്ത് ജീവിക്കാൻ ആവശ്യമായ ഭൂമി അനുവദിക്കണമെന്നും വീടുകൾക്ക് അടുക്കള നിർമിക്കണമെന്നുമുള്ള മുറവിളിക്ക് കാലമേറെ പഴക്കമുണ്ട്. മഴക്കാലമായാൽ വീട് ചോർന്നൊലിക്കുകയും അടിയിൽനിന്ന് ഉറവ ഒഴുകി എത്തുകയും ചെയ്യുന്ന അവസ്ഥയാണ്. നിർമാണത്തിലെ അപാകത കാരണം വാതിലിന്റെ കട്ടിളകൾ ഇളകി ദ്രവിച്ചു പൊളിഞ്ഞുവീണ അവസ്ഥയും ഉണ്ട്. സുന്ദരനൻ, മഞ്ജുരാമൻ, അനുരാധ വേലായുധൻ എന്നീ കുടുംബങ്ങൾക്ക് വീടില്ല. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് ടെറസ് ദ്രവിച്ച് അപകടാവസ്ഥയിലാണ്. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് ഇന്ന് നടക്കുന്ന ജനകീയ സദസ്സിൽ പരാതി നൽകാനിരിക്കുകയാണ് ആദിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.