വെള്ളിലയിലെ നെറ്റ്വര്ക് പ്രശ്നത്തിന് പരിഹാരമായില്ല; ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍
text_fieldsമങ്കട: മൊബൈല്‍ നെറ്റ്വര്ക് കവറേജ് ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം അവതാളത്തിലായ വെള്ളില മലയിലെ പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ല. രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയില്‍തന്നെ. കോവിഡ് പ്രതിസന്ധിയില്‍ പഠനങ്ങളെല്ലാം ഓണ്ലൈനായപ്പാള് മങ്കട ഗ്രാമപഞ്ചായത്തിലെ വെള്ളില മൂന്നാം വാര്‍ഡിലെ പ്രധാന ഭാഗങ്ങളില്‍ നെറ്റ്വര്ക് ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍തന്നെ സമൂഹമാധ്യമങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.
ജൂണ്‍ എട്ടിന് 'മാധ്യമം' ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളുടെയും പഞ്ചായത്ത് അധികൃതരുടെയും എം.എല്‍.എയുടെയും ഇടപെടല്‍മൂലം ബി.എസ്.എന്‍.എലും മറ്റൊരു സ്വകാര്യ കമ്പനിയും പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവരുകയും ചെയ്തു.
തുടർന്ന് സ്വകാര്യ കമ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് കവറേജ് കിട്ടുന്ന രീതിയില്‍ രണ്ട് മാസം കൊണ്ട് ടവര്‍ നിര്‍മിച്ചുനല്‍കാമെന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, മൂന്ന് മാസം പിന്നിട്ടിട്ടും ഇതിെൻറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. വിദ്യാർഥികളുടെ പഠനം മുന്നില്‍ കണ്ട് ഒരു നിബന്ധനകളും കൂടാതെ മാസങ്ങൾക്ക് മുമ്പുതന്നെ സ്വകാര്യവ്യക്തി കമ്പനിക് ടവര്‍ നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. വാര്‍ഡ് അംഗത്തിെൻറ നേതൃത്വത്തില്‍ ഇവിടെ എതാനും ടി.വികളും ഡിഷ് കണക്ഷനും നല്‍കിയെങ്കിലും പ്രഫഷനല്‍ കോഴ്സുകള്‍ അടക്കം ഉന്നത പഠനം തേടുന്ന വിദ്യാർഥികള്‍ക്കും മദ്റസ പഠിതാക്കള്‍ക്കും ഇതുകൊണ്ട് പരിഹാരമാകുന്നില്ല.
ടവര്‍ നിര്‍മാണത്തിന് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന് അനുമതിക്കായി 'സ്കാഫ്' സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് കിട്ടിയാല്‍ ഉടന്‍ നിര്‍മാണമാരംഭിക്കുമെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
ഗ്രാമപഞ്ചായത്തില്‍ അനുമതിക്ക് അപേക്ഷിക്കണമെങ്കില്‍ ടെലികോം അധികൃതരുടെ അനുമതി ലഭിക്കണം. അധികൃതരുടെ അനാസ്ഥമൂലം നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനമാണ് അവതാളത്തിലാകുന്നത്. കഴിഞ്ഞ ജൂണ്‍ രണ്ടാം വാരത്തിലാണ് എം.എല്‍.എയുടെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയത്.
പരിഹാരത്തിനായി തങ്ങളുടെ കീഴിലുള്ള കെട്ടിടം ബി.എസ്.എന്‍.എലിന് സംവിധാനമൊരുക്കാൻ വിട്ടുനല്‍കാന്‍ തയാറായതാണെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും പ്രദേശത്തെ കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. കുഞ്ഞിമുഹമ്മദ് ഹാജി, സെക്രട്ടറി എ.പി. കുഞ്ഞിമുഹമ്മദ്, ഇബ്രാഹീം വെള്ളില, എം. ഫൈസല്‍, അബ്ബാസ് മദനി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.