ഗുഹാവാസം പഴങ്കഥ; ഗോപാലകൃഷ്ണന് വീടൊരുങ്ങുന്നു
text_fieldsമങ്കട: അച്ഛനും അമ്മയും നഷ്ടപ്പെട്ട ഗുഹാവാസിയായിരുന്ന ഗോപാലകൃഷ്ണന് കൊപ്പം അഭയം കൃഷ്ണന്റെ തണലും സരോജിനിയുടെ കരുതലും കൊണ്ട് പുതിയ വീടൊരുങ്ങുന്നു. ചേരിയം മലയിൽ ഗുഹയിൽ താമസിച്ചിരുന്ന പരേതരായ കള്ളിക്കൽ മാധവന്റെയും ഷൈനിയുടെയും മകനാണ് ഗോപാലകൃഷ്ണൻ.
20 വർഷം മുമ്പ് അമ്മ ഷൈനി മരിച്ചതോടെ ഒറ്റപ്പെട്ട രണ്ടര വയസ്സുകാരനെ മങ്കട ആശുപത്രിയിൽ വെച്ച് മാനസിക അസ്വാസ്ഥ്യമുള്ള അച്ഛൻ മാധവൻ എടുത്തെറിയുകയായിരുന്നു. തുടർന്ന് മങ്കടയിലെ സാമൂഹികപ്രവർത്തകരായ സമദ് മങ്കട, സമദ് പറച്ചിക്കോട്ടിൻ, പൊന്നു മങ്കട എന്നിവർ പെരിന്തൽമണ്ണ ഡിവൈ.എസ്.പി ധനതന്റെ സഹായത്തോടെ കുട്ടിയെ കൊപ്പം അഭയത്തിലാക്കി. അഭയത്തിലെ സഹായിയായിരുന്ന മകൻ നഷ്ടപ്പെട്ട സരോജിനി ഗോപാലകൃഷ്ണനെ സ്വന്തം മകനായി വളർത്തി. പിന്നീട് സരോജിനിയുടെ വീട്ടിലേക്ക് മാറി. പൊളിഞ്ഞുവീഴാറായ വീട്ടിൽ കഴിയുന്നതിനിടെ ലൈഫ് മിഷൻ പദ്ധതിയിൽ സരോജിനിക്ക് വീട് അനുവദിച്ചു. ഗോപാലകൃഷ്ണനും സരോജിനിയും തങ്ങൾക്കാവുന്ന പണികൾ ചെയ്ത് സഹായിച്ച് വീടിന്റെ വാർപ്പ് വരെ പൂർത്തിയാക്കി.
എന്നാൽ ബാക്കി പൂർത്തിയാക്കാൻ പ്രയാസമുള്ളതായി മങ്കടയിലെ സാമൂഹികപ്രവർത്തകരെ അറിയിച്ചതനുസരിച്ച് ഉമർ തയ്യിൽ, സമദ് പറച്ചിക്കോട്ടിൽ, പൊന്നു മങ്കട എന്നിവർ കൊപ്പത്തെത്തി വീട് പണി പൂർത്തിയാക്കാൻ സഹായം ഉറപ്പുനൽകി. മങ്കടയിലെ നല്ലവരായ നാട്ടുകാരെ ഇക്കാര്യം അറിയിച്ച് വീടുപണി പൂർത്തിയാക്കുമെന്ന് ഇവർ പറഞ്ഞു.
മങ്കടയിലെ സഹായ സമിതി ചെയർമാനായി ഉമ്മർ തയ്യിൽ, വൈസ് ചെയർമാൻമാരായി സുരേന്ദ്രൻ മങ്കട, കെ.ടി. റിയാസ്, കൺവീനറായി സമദ് മങ്കട, ജോ. കൺവീനർമാരായി സി. അശോകൻ, സൈഫുള്ള കറുമൂക്കിൽ, ട്രഷററായി സമദ് പറച്ചിക്കോട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. അഭയം കൃഷ്ണന്റെയും സരോജിനിയുടെ സഹോദരിയുടെ മകൻ മോഹൻദാസിന്റെയും മേൽനോട്ടത്തിലാണ് വീടുപണി നടക്കുന്നത്. സരോജിനിയുടെ എസ്.ബി.ഐ കൊപ്പം ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 67309614685. ഐ.എഫ്.എസ്.സി: SBIN0070969. ഗൂഗിൾ പേ: 9446294056.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.