മങ്കട ഗ്രാമ പഞ്ചായത്തിൽ നാളെ പ്ലാസ്റ്റിക് ഹർത്താൽ
text_fieldsമങ്കട: സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മങ്കടയിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. അസ്ഗർ അലി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്ന് മങ്കട പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് ഹർത്താൽ ആചരിക്കും.
അന്നേ ദിവസം കടകളിൽ നിരോധിക പ്ലാസ്റ്റിക് കവറുകൾ ലഭ്യമാകില്ല. ബദൽ സംവിധാനമായി ബൂത്തുകൾ സ്ഥാപിച്ച് തുണി സഞ്ചികൾ ലഭ്യമാക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
പ്രചാരണ ദിവസമായ ഒക്ടോബർ ഒന്നിന് തുണി സഞ്ചി ജനങ്ങൾക്ക് സൗജന്യമായി നൽകും. ഇതിനായി അങ്ങാടികളിൽ പ്രത്യേക ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.
മങ്കട, കടന്നമണ്ണ സർവിസ് ബാങ്കുകൾ, എൻ.എസ്.എസ്, സ്കൂൾ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, കുടുംബശീ പ്രവർത്തകർ എന്നിവർ നൽകിയ തുണിസഞ്ചികൾ ഗ്രാമ പഞ്ചായത്ത് വിതരണത്തിനായി ശേഖരിച്ചിട്ടുണ്ട്.
മങ്കടയിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ പരിശോധിക്കും. തുടർന്ന് വരുന്ന ദിവസങ്ങളിൽ കടകളിലും മറ്റും പരിശോധന ശക്തമാക്കും. കടകളിൽ തുണി സഞ്ചി വിലക്ക് ലഭ്യമാക്കും. പ്ലാസ്റ്റിക് കവറുകൾ വാങ്ങി ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊതുജന താൽപര്യാർഥം എല്ലാവരും സഹകരിക്കണമെന്നും പ്രസിഡൻറ് അഭ്യർഥിച്ചു. പ്രചാരണ ഭാഗമായി ഇന്ന് മങ്കടയിൽ വിളംബര ജാഥ നടത്തും.
വൈസ് പ്രസിഡൻറ് സലീന ഉമ്മർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് പൊട്ടേങ്ങൽ, ഷരീഫ് ചുണ്ടയിൽ, പഞ്ചായത്ത് അംഗം ഉഷ ദേവി, വി.ഇ.ഒ പി. സന്തോഷ്, സലിം ആലിക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.