അധികൃതർ കനിഞ്ഞില്ല; ചിറയുടെ കയ്യാല നിർമിച്ച് കർഷകർ
text_fieldsമങ്കട: വർഷങ്ങൾ കാത്തിരുന്നിട്ടും അധികൃതർ കനിയാത്തതിനെ തുടർന്ന് സ്വന്തം ചെലവിൽ ചിറയുടെ കയ്യാല നിർമിച്ച് കൃഷിക്കൊരുങ്ങുകയാണ് കടന്നമണ്ണയിലെ കർഷകർ. കടന്നമണ്ണയിൽ അമ്പതോളം ഏക്കർ വരുന്ന കരിങ്കറപ്പാടത്തെ ജലസേചനത്തിന്റെ മുഖ്യ സ്രോതസ്സായ മങ്കട തോടിന്റെ കരിങ്കറ പാലത്തിന്റെ ചിറയാണ് വർഷങ്ങളായി അവഗണനയിൽ കിടക്കുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മരത്തിന്റെ കൈവരികൾ ഭൂരിഭാഗവും തകർന്നതിനെ തുടർന്നാണ് കർഷകർക്ക് ദുരിതകാലം തുടങ്ങിയത്. വർഷാവർഷം സ്വന്തം ചെലവിൽ താൽക്കാലികമായി നിർമിക്കുന്ന കൈവരികൾ ഇവർക്ക് വലിയ ബാധ്യതയാകുന്നുണ്ട്.
പ്രദേശത്തെ മുഖ്യ ജലസ്രോതസ്സായ ചിറ അറ്റകുറ്റപ്രവൃത്തികൾ ചെയ്ത് കൃഷിക്ക് സംവിധാനം ഒരുക്കണമെന്നത് കർഷകരുടെ നിരന്തര ആവശ്യമാണ്. എന്നാൽ, ഇത് പരിഗണിക്കാമെന്നും ഏറ്റവുമൊടുവിൽ ഫൈബർ ഷീറ്റുപയോഗിച്ച് കൈവരികൾ ഒരുക്കാമെന്നും അധികൃതർ വാക്ക് നൽകിയെങ്കിലും ഒന്നും നടന്നില്ലെന്ന് കർഷകർ പറയുന്നു. ഇപ്പോൾ മുണ്ടകൻ കൃഷിക്ക് ഞാറുപാകാൻ സമയമായി. ഈ സാഹചര്യത്തിലാണ് കർഷകരായ സുബ്രഹ്മണ്യൻ പറശീരി, സി.പി. സിറാജലി, മുഹമ്മദ് കുട്ടി പള്ളിയാലിൽ, ഷബീർ പനങ്ങാടൻ, യാസർ കളത്തിൽ, സുബൈർ കറുമൂക്കിൽ, സുരേഷ് ചോലയിൽ എന്നിവർ സ്വന്തം ചെലവിൽ പന വാങ്ങി വെട്ടിമുറിച്ച് കഴിഞ്ഞ ദിവസം കയ്യാല നിർമിച്ചത്. സ്വന്തം അധ്വാനത്തിലൂടെ തന്നെ കൈവരികൾ സ്ഥാപിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.