വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം പിരിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsമങ്കട: വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ടിപ്പർ ലോറികൾ തടഞ്ഞ് പണം തട്ടിയ സംഭവത്തിൽ മങ്കട പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മഞ്ചേരി നറുകര പട്ടർകുളം താഴങ്ങാടി മഠത്തിൽ സൈദ് മുഹമ്മദ് ഹാദി തങ്ങൾ (52), പാണ്ടിക്കാട് വള്ളുവങ്ങാട് പൂളക്കുണ്ടൻ മുഹമ്മദ് നൗഫൽ (39) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച മങ്കട യു.കെ. പടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറികളാണ് സെൻട്രൽ വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഇവർ തടഞ്ഞത്. കഴുത്തിൽ ധരിച്ച ആൻറി കറപ്ഷൻ ഓഫ് ഇന്ത്യ എന്ന ടാഗും കാണിച്ചു. തുടർന്ന് വാഹനവും രേഖകളും പരിശോധിച്ച ശേഷം അനധികൃത ചെങ്കൽ ക്വാറിയിൽ നിന്ന് കല്ല് കടത്തിക്കൊണ്ടുപോവുന്നതിനാൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുക്കാതിരിക്കാനും കേസിൽ പ്രതികളാക്കാതിരിക്കാനും പരാതിക്കാരനെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ വാങ്ങുകയും ചെയ്തു.
സംശയം തോന്നിയ പരാതിക്കാരൻ മങ്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ മങ്കട ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ അന്വേഷണം ആരംഭിച്ചു.
പ്രതികൾ വന്ന വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. മങ്കട ഇൻസ്പെക്ടർ സി.എം. സുകുമാരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുസലാം നെല്ലായ, ജയമണി, സിവിൽ പൊലീസ് ഓഫിസർമാരായ ബാലകൃഷ്ണൻ, രാജീവ്, സമീർ പുല്ലോടൻ, ഷമീർ ഹുസൈൻ, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
സഞ്ചരിച്ച വാഹനവും നിരവധി വ്യാജരേഖകളും പിടിച്ചെടുത്തു. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.