കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര സാക്ഷ്യമായി വിലങ്ങപ്പുറം തറവാട്
text_fieldsമങ്കട: കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ നൂറുവര്‍ഷങ്ങള്‍ പിന്നിടുന്ന സന്ദര്‍ഭത്തില്‍ ജില്ലയിലെ മങ്കട പള്ളിപ്പുറത്ത് സി.പി.ഐ ജില്ല കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് സ്മരണ ഞായറാഴ്ച നടക്കുകയാണ്.
1939 മേയില്‍ പള്ളിപ്പുറത്ത് കെ.പി.സി.സി സംഘടിപ്പിച്ച സമ്മര്‍ക്യാമ്പിന് വേദിയായ കൂരിമണ്ണില്‍ വിലങ്ങപ്പുറം സെയ്തുട്ടി ഹാജിയുടെ തറവാട് വീടും പരിസരങ്ങളുമാണ് ഈ ചരിത്രസ്മരണക്ക് വേദിയാകുന്നത്.
കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ വലംകൈയായിരുന്ന കുഞ്ഞിസൂപ്പി ഹാജിയുടെ താല്പര്യപ്രകാരമായിരുന്നു 1939 മേയില്‍ സമ്മര്‍ ക്യാമ്പിന് കൂരിമണ്ണില്‍ വിലങ്ങപ്പുറം തറവാട് സാക്ഷിയായത്. കുഞ്ഞിമൂസ ഹാജിയുടെ വീട് റോഡരികിലായതിനാല്‍ രഹസ്യസ്വഭാവമുള്ള ക്യാമ്പിന് സഹോദരന്റെ വീട് തെരഞ്ഞെടുത്തു. ഒരുമാസം നീണ്ട ക്യാമ്പില്‍ വളന്റിയര്‍മാരടക്കം 79 പേര് പങ്കെടുത്തു.
ഇ.എം.എസ്, പി. കൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹിമാന് സാഹിബ്, കെ. ദാമോദരന്‍, ജോര്‍ജ് തുടങ്ങിയവര്‍ മുഴുസമയ പ്രവര്‍ത്തകരായി പങ്കെടുത്തു. രാമപുരത്തെ ചീരക്കുഴി രാമന് നമ്പൂതിരി, കുഞ്ഞിസൂപ്പി ഹാജി, പെരുമ്പള്ളി കൃഷ്ണന് നമ്പൂതിരി എന്നിവരായിരുന്നു പങ്കെടുത്ത പ്രദേശത്തുകാര്‍.
തെക്കന്‍ മലബാറിലെ സ്വാതന്ത്ര്യസമരത്തെ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയിരുന്നു മുഖ്യലക്ഷ്യം. സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ കേഡര്‍മാര്‍ക്ക് രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളില്‍ അറിവും സംഘടനാബോധവും പ്രദാനം ചെയ്യുകയാണ് ക്യാമ്പുകളില്‍ പ്രധാനമായും നടന്നിരുന്നത്.
മങ്കടയിലെ സമ്മര്‍ സ്കൂളിലേതടക്കമുള്ള ക്ലാസുകള്‍ കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും പഠനക്ലാസുകളാണെന്ന് പൊലീസ് മദ്രാസ് സര്‍ക്കാറിന് പിന്നീട് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ഒറ്റക്കെട്ടായി നടത്തിയ പള്ളിപ്പുറം ക്യാമ്പ് മലബാറിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തില്‍ സുപ്രധാന ചുവടുവെപ്പായി.
ചീരക്കുഴിയില്‍ വീടിനു പിന്നിലായി വലിയ മുളകൊണ്ടും ഓലകൊണ്ടും കെട്ടിയുണ്ടാക്കിയ ഷെഡില്‍ വളന്റിയര്‍മാര്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ഗഹനമായ ചര്‍ച്ചകള്‍ നയിച്ചും പ്രഗല്ഭരുടെ അറിവുകള്‍ പങ്കിട്ടും തൊട്ടടുത്തുള്ള പുഴയില്‍ കുളിച്ചും സമ്മേളിച്ചു.
മങ്കട പള്ളിപ്പുറം മനക്കല് കൃഷ്ണന് നമ്പൂതിരിയുടെ സമ്മര്‍ ക്ലാസ് നോട്ടുകളും ക്യാമ്പ് സര്‍ട്ടിഫിക്കറ്റും രാജ്യത്ത് വിപ്ലവത്തിന് അനുകൂലമായ സാഹചര്യമൊരുക്കാനായി കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമായ കോണ്‍ഗ്രസുകാര്‍ നടത്തിയ ഭഗീരഥയത്നത്തിന്റെ അടയാളമായി ഇന്നും അവശേഷിക്കുന്നു.
മങ്കട പള്ളിപ്പുറം ക്യാമ്പിന്റെ ആവേശം ഏറനാട്, നിലമ്പൂര്‍, വള്ളുവനാട് എന്നിവിടങ്ങളിലേക്കും പടര്‍ന്നു. കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് പോരാട്ടമുഖത്ത് നിലയുറപ്പിച്ച ധീരന്മാരെയും അവര്‍ക്ക് താവളമൊരുക്കിയ മണ്ണിനെയും ഒരിക്കല്‍കൂടി നെഞ്ചോടുചേര്‍ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി മങ്കട പള്ളിപ്പുറത്ത് ഇന്ന് വേദിയൊരുങ്ങും.
ചീരക്കുഴിയിലെ കൂരിമണ്ണില്‍ വിലങ്ങപ്പുറം തറവാട്ട് മുറ്റത്ത് രാവിലെ പത്തിന് നടക്കുന്ന പരിപാടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.