ഭാരതപ്പുഴയിൽ കുരുവികളുടെ കൂട്ട പ്രജനനം
text_fieldsതിരുനാവായ: ഭാരതപ്പുഴയിലെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ പാടെ തകിടംമറിച്ച രണ്ട് പ്രളയങ്ങൾക്കു ശേഷം കുരുവിക്കൂട്ടങ്ങൾ വീണ്ടും തിരുനാവായയിൽ പ്രജനനത്തിന് എത്തി.
നിളാനദിയിൽ ഇവ സ്ഥിരമായി കൂടുവെക്കുന്ന ഭാഗത്തെ ചെറിയ ഓടയും കൊഞ്ച തൈകളും കഴിഞ്ഞ രണ്ട് പ്രളയത്തിൽ നശിച്ചിരുന്നു. ഇതുകാരണം ഇത്തവണ പൊതുജനശല്യം കുറഞ്ഞ ഇടംനോക്കി പുഴയുടെ നടുവിലുള്ള തുരുത്തുകളിലെ ഇഞ്ചപുല്ല്, ഓട ഈറ്റ തുടങ്ങിയവയിൽ കൂടുകൂട്ടിയിരിക്കുകയാണ് ഇവ.ചുട്ടിയാറ്റ, ആറ്റക്കറുപ്പൻ, കുങ്കുമക്കുരുവി തുടങ്ങി വിവിധയിനം കുരുവികളുടെ നുറുകണക്കിന് കൂടുകൾ ഈ ഈറ്റക്കാടുകളെ കേന്ദ്രീകരിച്ച് ഇത്തവണയുണ്ട്.
കൂടാതെ പുല്ലൂപ്പൻ, വാനമ്പാടി, വയൽക്കുരുവി, കാടകൾ തുടങ്ങിയവയുടെ കൂടി ആവാസവ്യവസ്ഥയാണ് ഈ തുരുത്തുകൾ എന്നും റീ എക്കൗയുടെ പക്ഷി നിരീക്ഷകൻ എം. സാദിഖ് തിരുനാവായ വിലയിരുത്തുന്നു. വിവിധയിനം ആമകൾ, നീർനായകൾ തുടങ്ങിയവക്കും ഈ തുരുത്തുകൾ അത്താണിയാണ്.പ്രളയത്തിന് പുറമേ കഴിഞ്ഞ രണ്ട് വർഷവും സാമൂഹിക വിരുദ്ധർ ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഹാബിറ്റാറ്റുകൾ തീയ്യിട്ട് നശിപ്പിച്ചിരുന്നു.ഈ വർഷം വിവിധയിനം പറവകൾ കൂട് നിർമാണത്തിലേർപ്പെട്ടിട്ടുണ്ട്.
സമീപ പ്രദേശങ്ങളിൽ നിന്നും മറ്റുമായി എത്തുന്ന ചിലരുടെ കോഴി ചുടലും മദ്യപാനവും ചീട്ട് കളിയും രാപകലില്ലാതെ ഈ തുരുത്തുകളിൽ നടക്കുന്നതിനാൽ അറിഞ്ഞും അറിയാതെയുമായി തീ പടരുന്നതും പതിവാണ്.
പരിസ്ഥിതി ലോലമായ ഈ തുരുത്തുകളിലെ കുരുവികളെ തീയിട്ട് നശിപ്പിക്കുന്നത് ഏതുവിധേനയും തടയണമെന്ന് റീ എക്കൗ ആവശ്യപ്പെട്ടു. പ്രദേശങ്ങൾ തിരുനാവായ ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ, റീ എക്കൗ പ്രോഗ്രാം കോഓഡിനേറ്റർ ചിറക്കൽ ഉമ്മർ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.