മലപ്പുറം നഗരസഭയിലെ കൂട്ടത്തോൽവി; കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജിവെച്ചു
text_fieldsമലപ്പുറം: നഗരസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് മലപ്പുറം മണ്ഡലം (മുനിസിപ്പൽ) പ്രസിഡൻറ് ഉപ്പൂടൻ ഷൗക്കത്ത് സ്ഥാനമൊഴിഞ്ഞു. പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയാത്തതിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു.
13 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് രണ്ടിടത്ത് മാത്രമാണ് ജയിക്കാനായത്. 40ൽ 25 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും പാർട്ടി കഴിഞ്ഞ തവണത്തെപ്പോലെ രണ്ടിലൊതുങ്ങുകയായിരുന്നു. മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻകൂടിയാണ് ഷൗക്കത്ത്.
2010ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആറ് വാർഡിൽ ജയിച്ചിരുന്നു. 2015ൽ രണ്ടിലേക്ക് വീണു. ആറ് വർഷം മുമ്പാണ് ഷൗക്കത്ത് മണ്ഡലം പ്രസിഡൻറാവുന്നത്. ഇക്കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ പക്ഷേ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചില്ല. ഒരു വിഭാഗം നിസ്സഹകരിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. സിറ്റിങ് സീറ്റായ 16ാം വാർഡ് കോട്ടക്കുന്നും ഇത്തവണ കോൺഗ്രസ്സിനെ കൈവിട്ടു.
17ാം വാർഡ് ചെറാട്ടുകുഴിയിലും 18 കോട്ടക്കുന്നിലും മൂന്നാം സ്ഥാനത്തായപ്പോൾ മൂന്നാം വാർഡ് ചെറുപറമ്പ് തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം. അതേസമയം, ആറാം വാർഡ് ചോലക്കൽ, 10 കരുവാള, 12 കാവുങ്ങൽ തുടങ്ങിയ സി.പി.എം കോട്ടകളിൽ ചെറിയ വ്യത്യാസത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.