സൗഹാൻ, നീ എവിടെ?... ചെക്കുന്ന് മലയിൽ വീണ്ടും കൂട്ട തിരച്ചിൽ
text_fieldsഊർങ്ങാട്ടിരി(മലപ്പുറം): എല്ലാവരെയും സങ്കടക്കടലിലാക്കി മുഹമ്മദ് സൗഹാൻ കാണാമറയത്ത് പോയിട്ട് 24 ദിവസം പിന്നിടുന്നു. ആഗസ്റ്റ് 14ന് കാണാതായ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ ചൈനങ്ങാട് പൂളക്കൽ ഹസ്സൻ കുട്ടി- ഖദീജ ദമ്പതികളുടെ ഇളയ മകൻ മുഹമ്മദ് സൗഹാനെ (15) കണ്ടെത്താൻ ചെക്കുന്ന് മലയിൽ വീണ്ടും കൂട്ട തിരച്ചിൽ നടത്തി.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് 500ന് അടുത്ത് വരുന്ന സംഘം തിരച്ചിൽ നടത്തിയത്. വൈകീട്ട് മൂന്നു മണി വരെ പരിശോധന തുടർന്നെങ്കിലും കണ്ടെത്താൻ കഴിയാതെ സംഘം നിരാശയോടെ മടങ്ങുകയായിരുന്നു. ശക്തമായ മഴ പോലും വകവെക്കാതെയായിരുന്നു വനത്തിലെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്.
പ്രത്യേകം പരിശീലനം ലഭിച്ച ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വളൻറിയർമാർ ഉൾെപ്പടെ കാമറകൾ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയതെന്ന് മലപ്പുറം ഫയർ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ പറഞ്ഞു. സൗഹാനെ കാണാതായിട്ട് ഇന്നേക്ക് 24 ദിവസം പൂർത്തിയാകുമ്പോൾ വലിയ പ്രതീക്ഷയോടെയായിരുന്നു തിരച്ചിലിനെ കുടുംബം നോക്കിക്കണ്ടിരുന്നത്.
കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് അരീക്കോട് എസ്.എച്ച്.ഒ ലൈജു മോൻ പറഞ്ഞു. സംഭവത്തിൽ കുടുംബത്തിൽനിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളിൽ ചില വൈരുധ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഊർജിതമാക്കാനാണ് അരീക്കോട് പൊലീസിെൻറ തീരുമാനം.
അരീക്കോട് പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സിവിൽ ഡിഫൻസ് വളൻറിയർമാർ, താലൂക്ക് ദുരന്തനിവാരണ സേന, എമർജൻസി റെസ്ക്യൂ ഫോഴ്സ്, വിവിധ സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ സംഘടനകൾ, ക്ലബുകൾ, ഊർങ്ങാട്ടിരി പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരായിരുന്നു തിരച്ചിൽ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.