മാവണ്ടിയൂർ പിണ്ടത്തോട് ഓവുപാലം അപകടാവസ്ഥയിൽ
text_fieldsഎടയൂർ: മാവണ്ടിയൂർ പിണ്ടത്തോട് ഓവുപാലം അപകടാവസ്ഥയിലായത് ഭീഷണിയായി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എടയൂർ വായനശാല -മാവണ്ടിയൂർ റോഡിലാണ് ഈ ഓവുപാലം. എടയൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ മാവണ്ടിയൂർ അങ്ങാടിയിലെ പിണ്ടത്തോട് ഓവുപാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഇളകി തുരുമ്പുപിടിച്ച കമ്പികൾ പുറത്ത് കാണാം. 50 വർഷത്തിലധികം പഴക്കമുണ്ട് പാലത്തിന്. മാവണ്ടിയൂർ ഹയർ സെക്കൻഡറി സ്കൂൾ, കെ.വി.യു.പി.എസ് വടക്കുംപുറം, എടയൂർ നോർത്ത് എ.എം.എൽ.പി, എടയൂർ എസ്.വി.എൽ.പി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ ഈ പാലം വഴി കടന്നുപോവുന്നുണ്ട്.
ക്രഷറുകളിൽ നിന്നും ക്വാറികളിൽ നിന്നുമുള്ള ടോറസ് ഉൾപ്പെടെ ഒട്ടനവധി വലിയ ലോറികളും ഈ വഴി പോവാറുണ്ട്. പാലത്തിന് സമീപത്തായി വലിയൊരു ചീനി മരവുമുണ്ട്. ഇതിന്റെ വേരുകൾ ഇറങ്ങിയതും പാലത്തിന്റെ തകർച്ചക്കിടയാക്കുന്നു. ചീനി മരം മുറിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പ് അധികൃതർക്ക് കഴിഞ്ഞ വർഷം പരാതി നൽകിയിരുന്നു. പൊതുമരാമത്ത് എൻജിനീയർമാർ പാലത്തിന്റെ സുരക്ഷ പരിശോധിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.