അഞ്ചാംപനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ തീരുമാനം
text_fieldsമലപ്പുറം: ജില്ലയില്‍ അഞ്ചാംപനി കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം. വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും രോഗപ്രതിരോധത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര, അംഗൻവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനം നടത്തും. കലക്ടര്‍ വി.ആര്. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാക്സിനേഷന് നിരക്ക് കുറഞ്ഞ മേഖലകളിലാണ് ജില്ലയില്‍ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാക്സിനേഷന് കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിലൂടെ മാത്രമേ രോഗപ്രതിരോധം ശക്തിപ്പെടുത്താനാവൂ എന്ന് കലക്ടർ പറഞ്ഞു. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ദിനേന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയില്‍ നിലവില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എം.ആര് വാക്സിന് 14400 ഡോസും വിറ്റാമിന്‍ എ 80000 ഡോസും ജില്ലയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ജില്ല വികസന കമീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂര്‍ സബ് കലക്ടര്‍ സച്ചിന് കുമാര്‍ യാദവ്, അസി. കലക്ടര്‍ കെ. മീര, എ.ഡി.എം എന്‍.എം. മെഹറലി, ഡി.എം.ഒ ഡോ. രേണുക, വിവിധ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.