മീനടത്തൂർ റോഡിലെ വെള്ളക്കെട്ട് വേണം, ശാശ്വത പരിഹാരം
text_fieldsതാനൂർ: മീനടത്തൂർ മിസ്ബാഹുൽ അനാം മദ്റസക്ക് മുന്നിലെ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം വേണമെന്ന് നാട്ടുകാർ. മഴ ശക്തിപ്പെട്ടതോടെ വിദ്യാർഥികളും നാട്ടുകാരും പ്രയാസമനുഭവിക്കുകയാണ്. താനാളൂർ-പയ്യനങ്ങാടി റോഡിലെ ദുരവസ്ഥക്ക് പരിഹാരം കാണാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഇതു സംബന്ധിച്ച് വാർഡ് മെമ്പർ കൂടിയായ താനാളൂർ പഞ്ചായത്ത് പ്രസിഡന്റിനും സ്ഥലം എം.എൽ.എ മന്ത്രി വി. അബ്ദുറഹ്മാനും പി.ഡബ്ല്യു.ഡി അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
റോഡരികിലൂടെ അഴുക്കുചാൽ സ്ഥാപിച്ച് ഈ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളക്കെട്ടിന് പരിഹാരം തേടി താനാളൂർ പഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമസഭയിലും നിരവധി തവണ നാട്ടുകാർ അധികൃതരോട് പരാതിപ്പെട്ടെങ്കിലും അനുകൂല സമീപനം അധികൃതരിൽനിന്നുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
നാട്ടുകാർക്ക് പ്രയാസമായ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മദ്റസ കമ്മിറ്റിയും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്. അധികൃതർ നടപടി കൈക്കൊണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കേണ്ടി വരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.