വയോധികരുടെ സംഗമം; കോട്ടക്കുന്നിൽ സ്നേഹ നിറം വിതറി 'വർണപ്പട്ടങ്ങൾ'
text_fieldsമലപ്പുറം: വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്ക് സമാശ്വാസവും സാന്ത്വനവുമായി മാറി നഗരസഭയുടെ 'വർണപ്പട്ടം' സ്നേഹസംഗമം. 'വർണമാകാം, വർണാഭമാക്കാം' തലക്കെട്ടിൽ കോട്ടക്കുന്നിൽ ഒരുക്കിയ സംഗമത്തിൽ നഗരസഭയിലെ വിവിധ വാർഡുകളിലെ 60 വയസ്സ് കഴിഞ്ഞ വീട്ടമ്മമാർ, വിരമിച്ച സർക്കാർ ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടെ 40ഓളം പേർ പങ്കെടുത്തു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ 60 വയസ്സ് കഴിഞ്ഞ ഒറ്റക്ക് താമസിക്കുന്ന നഗരസഭ പ്രദേശത്തെ ഒരുവാർഡിൽനിന്ന് ഒരാൾ എന്ന പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരാണ് കോട്ടക്കുന്ന് പാർക്കിൽ ഒത്തുകൂടിയത്. സ്നേഹിത കോളിങ് ബെൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കായിരുന്ന പങ്കെടുക്കാൻ അവസരം.
സ്വയം പരിചയപ്പെടുത്തി ജീവിത ചുറ്റുപാടുകൾ വിവരിക്കുന്നതിനിടയിൽ അവരുടെ കണ്ണുനിറഞ്ഞു. സ്വന്തമായി വീട് ഇല്ലാത്തവരും വാടകക്ക് താമസിക്കുന്നവരും ഉൾപ്പെടെയുള്ള ആളുകൾ അവരുടെ ശാരീരിക അവശതകളും ഒറ്റപ്പെടലിന്‍റെ പ്രയാസങ്ങളും സദസ്സിനോട് പങ്കുവെച്ചു. കോട്ടക്കുന്ന് ആദ്യമായി സന്ദർശിക്കുന്നത് ആരൊക്കെയെന്ന ചോദ്യത്തിന് 16 പേർ കൈപൊക്കി. ജീവിത സായാഹ്നത്തിൽ സൗഹൃദങ്ങൾ പുതുക്കിയും കണ്ടെത്തിയും അവർ സുന്ദര നിമിഷങ്ങളാക്കി മാറ്റി. ഉദ്ഘാടന ചടങ്ങിനുശേഷം പ്രായം തളർത്താത്ത മനസ്സുമായി പാടാനും വേദി സംഘാടകർ ഒരുക്കിയിരുന്നു. തട്ടിൻപുറം കൂട്ടായ്മയുടെ ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.
നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ. അബ്ദുല്‍ ഹക്കീം, പി.കെ. സക്കീര്‍ ഹുസൈന്‍, മറിയുമ്മ ശരീഫ്, അംഗങ്ങളായ പി.എസ്.എ. ശബീര്‍, ഖദീജ മുസ്‌ലിയാരകത്ത്, മഹ്മൂദ് കോതേങ്ങല്‍, ഇ.പി. സല്‍മ, സി.കെ. സഹീർ, ആമിന പാറച്ചോടൻ, അനുജ ദേവി, ജുമൈല തണ്ടുതുലാൻ, കമ്യൂണിറ്റി കൗൺസിലർ ഹാജറ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സഫിയ, ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.