അൻഷി പരീക്ഷയെഴുതി, കമ്പ്യൂട്ടർ സഹായത്താൽ
text_fieldsമേലാറ്റൂർ: അകക്കണ്ണിന്‍റെ കരുത്തിൽ പ്ലസ് വൺ പരീക്ഷയും കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഴുതി ഫാത്തിമ അൻഷി. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ടി.കെ. ഫാത്തിമ അൻഷിയാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് പിന്നാലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും കമ്പ്യൂട്ടർ ഉപയോഗിച്ച് എഴുതിയത്. ജന്മനാ കാഴ്ചപരിമിതി നേരിടുന്ന അൻഷി വിദ്യാലയത്തിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥിനിയാണ്. അപേക്ഷ നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് പരീക്ഷയെഴുതുന്നതിന് സർക്കാർ അനുമതി ലഭിച്ചിരിക്കുന്നു. പഠനത്തിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ടെന്നും പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അൻഷി പറഞ്ഞു.
സംസ്ഥാന സിലബസിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കാഴ്ച പരിമിതിയുള്ള പ്രഥമ വിദ്യാർഥിനിയാണ് ഫാത്തിമ അൻഷി. സംഗീത മേഖലയിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച അൻഷി കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി പ്രോജക്ട് മിഷന്‍റെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറായി ആറു വർഷമായി പ്രവർത്തിക്കുന്ന ഫാത്തിമ അൻഷി ഉജ്ജ്വലം ബാല്യം പുരസ്കാരജേതാവും സംസ്ഥാന സ്കൂൾ കലോത്സവ വിജയിയുമാണ്. എടപ്പറ്റ തോട്ടുകുഴികുന്നുമ്മൽ അബ്ദുൽ ബാരി-ഷംല ദമ്പതികളുടെ ഏകമകളായ അൻഷിക്ക് സിവിൽ സർവിസ് നേടിയെടുക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.