ഗ്രീൻഫീൽഡ് പാത: നഷ്ടപരിഹാര വിതരണം തുടങ്ങി
text_fieldsമേലാറ്റൂർ: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാര തുക ജില്ലയിൽ വിതരണം തുടങ്ങി. പാലക്കാട് ജില്ലയിൽനിന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ വീടും സ്ഥലവും നൽകിയ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒമ്പത് പേർക്കും കരുവാരകുണ്ട് പഞ്ചായത്തിലെ മൂന്നു പേർക്കു കൂടിയാണ് 9.27 കോടി രൂപ നഷ്ടപരിഹാരമായി നൽകിയത്. തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ജില്ലയിൽ 1986.64 കോടി രൂപയാണ് മൊത്തം നഷ്ടപരിഹാര തുക. സ്ഥലം വിട്ടുകൊടുത്തവരിൽ രേഖകളെല്ലാം ശരിയാക്കി ഭൂമി ഒഴിഞ്ഞുപോകാൻ സമ്മതപത്രം നൽകുന്നവർക്ക് സമയമനുസരിച്ചാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത്. ജില്ലയിലെ ആദ്യ തുക വിതരണം എടപ്പറ്റ മൂനാടിയിൽ നടന്ന ചടങ്ങിൽ തോരക്കാട്ടിൽ മുസ്തഫക്ക് രേഖ കൈമാറി ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ ഉദ്ഘാടനം നിർവഹിച്ചു. എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ. കബീർ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗങ്ങളായ എരൂത്ത് നാസർ, വലിയാട്ടിൽ സഫിയ, തഹസിൽദാർ സി. വല്ലഭൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.വി. ബിനീഷ്, എടപ്പറ്റ വില്ലേജ് ഓഫിസർ ഇ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.