തീരാതെ ദുരിത മഴ
text_fieldsകാത്തിരിപ്പിനൊടുവിൽ യൂസുഫെത്തി, ചേതനയറ്റ്
മേലാറ്റൂർ: നാടിന്റെയും വീട്ടുകാരുടെയും പ്രാർഥനകൾ സഫലമായില്ല. യൂസുഫ് തിരികെ വന്നത് ചേതനയറ്റ്. ശനിയാഴ്ച വൈകീട്ട് ചാവാലി തോട്ടിൽ കാണാതായ അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽ വീട്ടിൽ യൂസുഫിന്റെ (55) മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് വെള്ളിയാർ പുഴയിൽ കണ്ടെത്തിയത്. മേലാറ്റൂർ റെയിൽവെ പാലത്തിന് ഒരു കിലോമീറ്റർ താഴ്ഭാഗത്ത് നിന്നാണ് ലഭിച്ചത്. മൃതദേഹം യൂസുഫിേൻറതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. പുഴയുടെ അരികുഭാഗത്ത് മുൾചെടികൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ട്രോമാകെയർ വളൻറിയർമാരാണ് കണ്ടെടുത്തത്. തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി. വീടിനടുത്തുള്ള ചാവാലിത്തോട്ടിൽ കുളിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ട് ആറോടെ ഇദ്ദേഹം ഒഴുക്കിൽപെട്ടെന്നാണ് കരുതുന്നത്. പുഴയിലൂടെ ഒഴുകിപ്പോകുന്നത് ചൂണ്ടയിടുന്നവരും കുളിക്കുന്നവരും കണ്ടെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ, മലപ്പുറം, മണ്ണാർക്കാട് അഗ്നിശമനസേനകളും ട്രോമാകെയർ വളൻറിയർമാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, മത്സ്യതൊഴിലാളികൾ, നാട്ടുകാർ എന്നിവരും മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. പരേതരായ പുളിക്കൽ മുഹമ്മദിന്റെയും ആമിനയുടെയും മകനായ യൂസുഫ് അവിവാഹിതനാണ്. സഹോദരങ്ങൾ: വീരാൻകുട്ടി, മുഹമ്മദാലി, ഷൗക്കത്തലി, അബ്ദു റസാഖ്, മുഹമ്മദ് റാഷിദ്, ആത്തിഖ, ഉമ്മുഹബീബ. ഖബറടക്കം ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ട ശേഷം അരക്കുപറമ്പ് പള്ളിക്കുന്ന് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
യൂസുഫിന്റെ മൃതദേഹം കണ്ടെത്തൽ; നടന്നത് മാരത്തൺ രക്ഷാപ്രവർത്തനം
മേലാറ്റൂർ: ആശങ്കയുടെ നാല് ദിനങ്ങളിൽ മാരത്തൺ രക്ഷാപ്രവർത്തനം നടന്നെങ്കിലും ഒഴുക്കിൽപെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ല. കാത്തിരിപ്പിനൊടുവിൽ പടുവിൽകുന്നിലെ പുളിക്കൽ യൂസുഫിന്റെ വിയോഗവാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാവേദനയായി.
ശനിയാഴ്ച വൈകീട്ട് കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടതായ സംശയത്തെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ചൂണ്ടയിടുന്നവരും കുളിക്കാനെത്തിയവരും ഒരാൾ ഒഴുകിപ്പോകുന്നതായി കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന തിരച്ചിൽ നടത്തിയിരുന്നു. പിന്നീടുള്ള മൂന്ന് പകലുമായി നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കനത്തുപെയ്യുന്ന മഴയിൽ കുത്തിയൊലിക്കുന്ന വെള്ളിയാർ പുഴയിൽ രാവിലെ മുതൽ തുടങ്ങുന്ന രക്ഷാപ്രവർത്തനത്തിൽ നൂറിലേറെ പേരാണ് പങ്കെടുത്തത്. പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ പി. നാസറിന്റെ ഏകോപനത്തിലാണ് തിരച്ചിൽ നടന്നത്. മണ്ണാർക്കാട്, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിൽ നിന്നുള്ളവർ പങ്കാളികളായി. സിവിൽ ഡിഫൻസ് അംഗങ്ങൾ, ആപ്ത മിത്ര അംഗങ്ങൾ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ട്രോമാകെയർ വളന്റിയർമാർ, നസ്റ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ, നാട്ടുകാർ തുടങ്ങി തിരച്ചിലിന് നേതൃത്വം നൽകി. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയായ നല്ലൂർപുള്ളി മുതൽ ഉച്ചാരക്കടവ്, മേലാറ്റൂർ ചെമ്മാണിയോട് ബൈപാസ് പാലം, മണിയാണീരിക്കടവ്, എടയാറ്റൂർ വരെയാണ് തിരച്ചിൽ നടത്തിയത്. രാവിലെ മുതൽ ഇരുട്ടുംവരെ വിശ്രമമില്ലാതെയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. റബർ ബിങ്കി, ഔട്ട്ബോർഡ് എൻജിൻ, പത്തോളം ബോട്ടുകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ റെയിൽപാലത്തിന് ഒരു കിലോമീറ്ററോളം താഴെനിന്ന് കിട്ടിയ മൃതദേഹം ബോട്ടിൽ കരക്കെത്തിച്ചു. പിന്നീട് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മൃതദേഹം കിട്ടിയതറിഞ്ഞു നിരവധി പേർ തടിച്ചുകൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.