യുദ്ധം: എങ്ങും സ്‌ഫോടന ശബ്ദം, ഭീതിയൊഴിയുന്നില്ല...മലയാളി വിദ്യാർഥികൾ അനുഭവം പങ്കുവെക്കുന്നു
text_fieldsമേലാറ്റൂർ: യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളിൽ കാര്യാവട്ടം സ്വാദേശികളും. വെട്ടത്തൂർ കാര്യവട്ടം കുണ്ടോട്ടുപാറക്കൽ ഹാരിസ് ബാബു-നബീല ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ (20), മുഹമ്മദ് മുസ്തഫ-ആയിഷാബി ദമ്പതികളുടെ മകൻ മുഹമ്മദ് റസൽ (23), സക്കീർ-സുബൈദ ദമ്പതികളുടെ മകൻ ഷിബിലി (23) എന്നിവരാണ് യുക്രെയ്നിൽ കുടുങ്ങിയത്.
മൂവരും യുക്രെയ്നിലെ നഫ്രാസ് എന്ന സ്ഥലത്ത് എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാർഥികളാണ്. മുഹമ്മദ് നിഹാൽ ഒന്നാംവർഷ വിദ്യാർഥിയും മറ്റു രണ്ടുപേരും നാലാം വർഷ വിദ്യാർഥികളുമാണ്. യുദ്ധത്തിന്റെ ഭീകാരാന്തരീക്ഷം നിലനിൽക്കുന്നുണ്ടെങ്കിലും മക്കൾ നിലവിൽ സുരക്ഷിതരാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. കൂടുതൽ സുരക്ഷക്കായി വെള്ളിയാഴ്ച വൈകീട്ടോടെ മൂവരും ബങ്കറിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഹോസ്റ്റലിൽ തന്നെ തങ്ങാനാണ് നിർദേശം ലഭിച്ചതെന്ന് മക്കൾ അറിയിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. തിരിച്ചുവരുന്ന കാര്യത്തെക്കുറിച്ച് കൂടുതലൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. മുഹമ്മദ് നിഹാൽ ഫെബ്രുവരി 28ന് തിരിച്ചുവരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാന സർവിസ് നിർത്തിവെച്ചത് കാരണം നടന്നില്ല.
ഉരുകി കുടുംബങ്ങൾ
പെരിന്തൽമണ്ണ: യുക്രെയ്നിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥികളുടെ സ്ഥിതിഗതികളിൽ വേവലാതി പൂണ്ട് പെരിന്തൽമണ്ണയിലെ രക്ഷിതാക്കളും. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏത് സമയത്തും മാറേണ്ടി വരുമെന്നും ജാഗ്രതയോടെ നിലകൊള്ളണമെന്നുമാണ് യുക്രെയ്ൻ സർക്കാർ വൃത്തങ്ങൾ നൽകിയ വിവരമെന്ന് സപ്രോച്ചിയ സർവകലാശാല ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി റജ അഫ്റ വീട്ടുകാരെ അറിയിച്ചു. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും തിരൂർക്കാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഉസ്മാൻ താമരത്തിന്‍റെ മകളാണ് റജ അഫ്റ. സ്ഥിതിഗതികൾ മോശമായതോടെ 27ന് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സർവകലാശാലയിലെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ. ഇവർ താമസിക്കുന്ന സ്ഥലത്ത് നാലു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചേക്കുമെന്ന ആശങ്കയുണ്ട്. മാളുകളിൽ ഭക്ഷ്യവസ്തുക്കളുടെ കുറവും വിലക്കയറ്റവും ഉണ്ട്.
എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മറ്റു പ്രശ്നങ്ങളില്ലെന്നുമാണ് തിരൂർക്കാട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയും മക്കരപ്പറമ്പ് സ്വദേശിനിയുമായ സലീനയുടെ മകൻ ഡാനിഷ് മിൻഹാജ് ഉമ്മയെ വിളിച്ച് അറിയിച്ചത്. ഓസോർ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഡാനിഷ് മിൻഹാജ്. ചെക്ക് റിപ്പബ്ലിക്കിന്‍റെ ബോർഡറിലാണ് ഈ സ്ഥലം. യുദ്ധത്തിന്‍റെ ആകുലതകൾ മേഖലയിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ലെന്നാണ് ഡാനിഷ് പറയുന്നത്. വിദ്യാർഥികൾ വിഡിയോ കാൾ വഴി വീട്ടുകാരെ ബന്ധപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നാണ് വീട്ടിൽ അറിയിക്കുന്നത്. യുക്രെയ്നിന്‍റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി അടക്കമുള്ള രാജ്യങ്ങളിലൂടെ വിമാനമാർഗം ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നാണ് എംബസി വൃത്തങ്ങൾ ഔദ്യോഗികമായി നൽകുന്ന വിവരമെന്നും രക്ഷിതാക്കൾ പറയുന്നു.
യുക്രെയ്‌നില്‍ യുദ്ധം മുറുകുമ്പോള്‍ കുട്ടികളുടെ സുരക്ഷയില്‍ ആധിയോടെ കുടുംബങ്ങള്‍
കൊണ്ടോട്ടി: യുക്രെയ്‌നില്‍ റഷ്യ ആക്രമണം വ്യാപിപ്പിക്കുമ്പോള്‍ ആധിയോടെ കഴിയുകയാണ് കൊണ്ടോട്ടിയിലെ രക്ഷിതാക്കൾ. കുട്ടികളെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണിവർ. ഹോസ്റ്റലിലും ബങ്കറുകളിലുമൊക്കെയായി പുറത്തിറങ്ങാനാകാതെ കഴിയുകയാണ് വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍. കൊണ്ടോട്ടി ചുങ്കം സ്വദേശി ചിറ്റങ്ങാട്ട് ഷബീറിന്റെയും ആര്യ അയമുവിന്റെയും മകള്‍ നിലോഫ ഷബീര്‍ യുക്രെയ്‌നിലെ ഖര്‍ക്കിവ് സര്‍വകലാശാലയിലും കൊണ്ടോട്ടി എടക്കോട്ട് അഷ്‌റഫിന്റേയും അസ്മയുടേയും മകള്‍ ദിയ എടക്കോട്ട്, ചെമ്പന്‍ നവാസിന്റെയും ഷറഫുന്നീസയുടേയും മകള്‍ ഷഹനാസ് എന്നിവര്‍ സപ്രോസിയ സര്‍വകലാശാലയിലുമാണ്. ഇവര്‍ക്കു പുറമെ വേറെയും മലയാളി വിദ്യാര്‍ഥികളുണ്ടിവിടെ.
എങ്ങും സ്‌ഫോടന ശബ്ദം മാത്രം-നിലോഫ ഷബീര്‍
ഹോസ്റ്റലില്‍ കിടന്നുറങ്ങുമ്പോള്‍ പുലര്‍ച്ചെ സ്‌ഫോടന ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് നിലോഫ ഷബീര്‍. ഖര്‍ക്കിവ് മേഖലയില്‍ ആക്രമണം ശക്തമാണ്. പെട്ടെന്നുള്ള അറിയിപ്പു കിട്ടിയതോടെ ഹോസ്റ്റല്‍ കെട്ടിടത്തിനടിയില്‍ ഒരുക്കിയിട്ടുള്ള ബങ്കറിലേക്ക് മാറി. പിന്നെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ട് പുറത്തു നടക്കുന്നതൊന്നും അറിയാതെ അരണ്ട വെളിച്ചത്തില്‍ മണിക്കൂറുകള്‍ തള്ളി നീക്കി. ആക്രമണം അവസാനിപ്പിച്ചതായി വിവരം ലഭിച്ചപ്പോള്‍ ഹോസ്റ്റല്‍ മുറിയിലേക്കു വന്നു ഭക്ഷണം കഴിച്ചു. അത്യാവശ്യം വെള്ളവും ഭക്ഷണവും ഹോസ്റ്റല്‍ അധികൃതര്‍ കരുതിയിട്ടുണ്ടെന്ന് നിലോഫ പറഞ്ഞതായി പിതാവ് ഷബീര്‍ പറഞ്ഞു. ഒന്നാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നിലോഫ. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കുട്ടികളെല്ലാം സാധനങ്ങള്‍ പാക്ക് ചെയ്തു കാത്തിരിക്കുകയാണ്. എന്നാല്‍ ആക്രമണം തുടരുമ്പോള്‍ എപ്പോള്‍ പുറത്തിറങ്ങാനാകുമെന്ന് ഉറപ്പില്ല. ഇന്ത്യന്‍ എംബസി കാര്യക്ഷമമായി ഇടപെടുന്നുണ്ട്. യുദ്ധം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമത്തോടു പറഞ്ഞു. എപ്പോള്‍ പുറത്തിറങ്ങാനാകുമെന്ന്അറിയില്ല -ദിയ, ഷഹനാസ് സപ്രോസിയ മെഡിക്കല്‍ സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ അടച്ചു കഴിയുകയാണ് മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം കൊണ്ടോട്ടി സ്വദേശികളായ ദിയ എടക്കോട്ടും ഷഹനാസും. ഇരുവരും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്. മൂന്നു മാസം മുമ്പാണ് യുക്രെയ്‌നിലേക്ക് പോയത്. യുദ്ധമുഖത്തെ അഭിമുഖീകരിക്കുന്നതിന്റെ ആശങ്കയിലാണ് കുട്ടികളെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഇവര്‍ താമസിക്കുന്ന ഭാഗത്തേക്ക് റഷ്യന്‍ ആക്രമണമെത്തിയിട്ടില്ല. അകലങ്ങളില്‍ നിന്നുള്ള സ്‌ഫോടന ശബ്ദങ്ങളാണ് കേള്‍ക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. ഹോസ്റ്റലിനടിയില്‍ ബങ്കറുണ്ട്. യുക്രെയ്ന്‍ സേന പ്രദേശത്ത് മോക്ഡ്രില്‍ നടത്തിയപ്പോള്‍ റഷ്യന്‍ ആക്രമണമാണെന്നു ഭയന്ന് ബങ്കറിലേക്ക് മാറി.
സർവകലാശാല അധികൃതര്‍ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് നിർദേശമെന്നും കുട്ടികള്‍ വിളിച്ചറിയിച്ചിട്ടുണ്ട്. റോമാനിയ വഴി കുട്ടികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.