മതേതര കക്ഷിയായി ജീവിക്കാനാണ് ലീഗ് ശ്രമിക്കേണ്ടത് –മന്ത്രി ശശീന്ദ്രൻ
text_fieldsകോട്ടക്കൽ: മതേതര കക്ഷികൾ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ ഒരു തുരുത്തായി മുസ്ലിം ലീഗ് മാറി നിൽക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മതേതര കക്ഷിയായി ജീവിക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്. എന്നാൽ, ചില വിഷയങ്ങളിൽ മതേതര ചിന്തകൾ മറന്നു കൊണ്ടാണ് ലീഗ് ചില കാര്യങ്ങൾ ചെയ്യുന്നത്.
സംസ്ഥാനത്ത് ലീഗിന് നല്ല സ്വാധീനമുണ്ടെങ്കിലും മതേതര സംസ്ഥാനത്തിന് പറ്റിയ മാനസികാവസ്ഥയിലേക്ക് അണികളേയും മുസ്ലിം സമുദായത്തേയും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും കോട്ടക്കലിൽ ആയുർവേദ ചികിത്സക്കെത്തിയ മന്ത്രി പറഞ്ഞു.
കലാലയ ഓർമകൾ പങ്കുവെച്ച് മന്ത്രി ശശീന്ദ്രൻ ഡോ. പി.എം. വാര്യരെ സന്ദർശിച്ചു
കോട്ടക്കൽ: പഴയ സഹപാഠിയായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയെ കാണാൻ മന്ത്രി എ.കെ. ശശീന്ദ്രൻ കൈലാസ മന്ദിരത്തിലെത്തി. വ്യാഴാഴ്ച ഉച്ചയോടെയെത്തിയ മന്ത്രിയെ ചീഫ് ഫിസിഷ്യൻ കൂടിയായ ഡോ. പി.എം. വാര്യരും കുടുംബാംഗങ്ങളും സ്വീകരിച്ചു. ഇരുവരും കലാലയ ഓർമകൾ പങ്കുവെച്ചു.
വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ആയുർവേദ പാഠശാലയിലായിരുന്നു ഇരുവരും ആയുർവേദം പഠിച്ചിരുന്നത്. പഠനത്തോടൊപ്പം വിദ്യാർഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു ശശീന്ദ്രൻ. കെ.എസ്.യു നേതാവായിട്ടായിരുന്നു തുടക്കം. പഠന ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും പി.എം. വാര്യർ ആരോഗ്യ മേഖല തെരഞ്ഞെടുക്കുകയായിരുന്നു. അന്നും കൈലാസമന്ദിരത്തോടുള്ള അടുപ്പവും വാര്യരുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധവും ശശീന്ദ്രൻ പങ്കുവെച്ചു.
ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാര്യരുടെ സംസ്ക്കാര ചടങ്ങിൽ മന്ത്രി പങ്കെടുത്തിരുന്നു. സഹപാഠിയായിരുന്ന പി.എം. വാര്യർ മാനേജിങ് ട്രസ്റ്റിയായി ചുമതലയേറ്റെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. അഭിനന്ദിക്കാൻ കൂടിയായിരുന്നു മന്ത്രിയുടെ സന്ദർശനം. സി.ഇ.ഒ ഗോപാലകൃഷ്ണപിള്ള, പി.ആർ. രാഘവ വാര്യർ, സുരേന്ദ്രൻ വാര്യർ തുടങ്ങിയവർ മന്ത്രിയെ സ്വീകരിച്ചു. ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രി യാത്ര തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.