പൂർവ വിദ്യാർഥിയായി മന്ത്രിയെത്തി; വിദ്യാർഥി സമരത്തിന്റെ ഓർമകളിൽ
text_fieldsതിരൂർ: വിദ്യാർഥി സമരവും താൻ പഠിക്കുന്ന കാലത്തെ അനുഭവവും തുറന്ന് പറയുമ്പോൾ ഉദ്ഘാടകനായെത്തിയ പൂർവ വിദ്യാർഥിക്ക് ലഭിച്ചത് നിറഞ്ഞ കൈയടിയായിരുന്നു. തന്നിലെ രാഷ്ട്രീയക്കാരനിലേക്ക് വിത്ത് പാകിയ വിദ്യാർഥി സമരത്തിന്റെ ഓർമകളിലായിരുന്നു ആ പൂർവ വിദ്യാർഥി. ഇന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ താൻ പഠിച്ച തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ പലപ്പോഴും തന്റെ പഠനകാല ഓർമകൾ ഓർത്തെടുത്ത് വിവരിച്ചു.
സ്കൂളിന്റെ 125ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥികൾ നടത്തിയ ഫസ്റ്റ് ബെൽ സംഗമം ഉദ്ഘാടനം ചെയ്ത മന്ത്രി സ്കൂളിലേക്ക് പൂർവ വിദ്യാർഥികൾ നിർമിച്ചുനൽകുന്ന ഓഡിറ്റോറിയത്തിലേക്ക് തന്റെ അഞ്ചുമാസത്തെ ശമ്പളത്തിൽനിന്ന് അഞ്ചുലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചു. പഴയകാലത്തെ സ്കൂൾ പരിസരത്തിന്റെയും മറ്റും ഓർമ പുതുക്കുവാനായി അന്നത്തെ സ്കൂളിന് മുന്നിലെ കച്ചവടത്തെയും ചടങ്ങിനോടനുബന്ധിച്ച് വേദിക്കരികെ പുനരാവിഷ്കരിച്ചിരുന്നു.
അഡ്വ. എം. വിക്രമകുമാർ അധ്യക്ഷത വഹിച്ചു. 80 വയസ്സ് പിന്നിട്ട പൂർവ വിദ്യാർഥികൾ ഉൾപ്പെടെ 14 പൂർവ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻ കുട്ടി, തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. ബാബു, നഗരസഭ കൗൺസിലർമാരായ കെ.കെ. സലാം, പി. ഷാനവാസ്, ഹാരിസ് എന്നിവർ സംസാരിച്ചു. ശിഹാബ് റഹ്മാൻ അടിപ്പാട്ട് സ്വാഗതവും എം.സി വിനോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ വിദ്യാർഥികളുടെ ഗാനമേള അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.