മന്ത്രിമാർ: മലപ്പുറം ആഹ്ലാദത്തിൽ
text_fieldsതാനൂർ: താനൂരിന് ഇത് ആഹ്ലാദ നിമിഷം. നീണ്ട 35 വർഷത്തിന് ശേഷം മണ്ഡലത്തിൽ നിന്ന് ജയിച്ച ഒരാൾ മന്ത്രിയാവുന്നു. രണ്ടാം പിണറായി സർക്കാറിൽ സി.പി.എം സീറ്റിലാണ് താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ മന്ത്രിയാവുന്നത്. നീണ്ട 70 വർഷം മുസ് ലിം ലീഗ് കൈയാളിയ മണ്ഡലം 2016ലാണ് അബ്ദുറഹ്മാൻ പിടിച്ചെടുക്കുന്നത്. ശക്തനായ പി.കെ. ഫിറോസ് മത്സരിച്ചിട്ടും താനൂരുകാർ സ്നേഹത്തോടെ വിളിക്കുന്ന മാമനെ തോൽപിക്കാനായില്ല.
1982-1987 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ മുസ് ലിം ലീഗി െലെ ഇ. അഹമ്മദ് വ്യവസായമന്ത്രിയായിരുന്നു. അന്ന് താനൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നീണ്ട ഇടവേളക്ക് ശേഷം വി. അബ് ദുറഹ്മാനിലൂടെയാണ് ഇപ്പോൾ താനൂരിന് മന്ത്രിയെ കിട്ടുന്നത്.
1987 ന് ശേഷം സീതിഹാജി, കുട്ടി അഹമ്മദ് കുട്ടി, പി.കെ. അബ്ദുറബ്ബ്, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയവർ നിയമസഭയിൽ എത്തിയെങ്കിലും മന്ത്രിപദം ലഭിച്ചില്ല. തീരദേശമേഖലയായ താനൂരിൽ വി. അബ്ദുറഹ്മാൻ മന്ത്രിയാവുന്നതോടെ തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂടും. 2016ൽ എം.എൽ.എ ആയിരിക്കേ തുടങ്ങിയ 1000 കോടിയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
300 കോടിയുടെ കുടിവെള്ളപദ്ധതി, താനൂർ കോളജ് കെട്ടിടം, താലൂക്ക് ആശുപത്രി കെട്ടിടം, താനൂർ ഫയർ സ്റ്റേഷൻ കെട്ടിടം, സ്റ്റേഡിയങ്ങൾ, ഹാർബർ തുടർ പ്രവൃത്തി, ടൂറിസം പദ്ധതികൾ എന്നിവക്ക് മന്ത്രിയാവുന്നതോടെ വേഗത ഉണ്ടാവും. താനൂരിൽ 2016 മുതൽ തുടക്കം കുറിച്ച വികസന പ്രവൃത്തികളുടെ വിലയിരുത്തലും കൂടിയായിരുന്നു യു.ഡി.എഫ് കോട്ടയിലെ വി. അബ്ദുറഹ്മാെൻറ തുടർവിജയം. ജില്ലയിലെ ഏക മന്ത്രിയും താനൂരിൽ നിന്നായതിെൻറ ഇരട്ടി മധുരവും നാട്ടുകാർക്കുണ്ട്.
മലപ്പുറത്തിന് മരുമകൾ മന്ത്രി
മലപ്പുറം: രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ മലപ്പുറത്തിെൻറ മരുമകളും മന്ത്രിസഭയിൽ. തൃശൂർ ഇരിങ്ങാലക്കുടയിൽനിന്ന് ജയിച്ച പ്രഫ. ആർ. ബിന്ദു സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ ജീവിതസഖിയാണ്. മലപ്പുറം നഗരസഭയിലെ കുന്നുമ്മൽ ചെമ്മങ്കടവാണ് വിജയരാഘവെൻറ സ്വദേശം.
ഇരുവരും ഇപ്പോൾ താമസിക്കുന്നത് തൃശൂർ കാനാട്ടുകരയിലും. 1990 സെപ്റ്റംബർ 30നാണ് വിജയരാഘവനും ഇരിങ്ങാലക്കുടക്കാരി ബിന്ദുവും വിവാഹിതരായത്. കാലിക്കറ്റ് സർവകലകാശാല കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്നു ബിന്ദു.
വിജയരാഘവൻ പാലക്കാട്ടുനിന്നുള്ള ലോക്സഭാംഗവും. കല്യാണത്തിന് ശേഷം ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഉന്നത പഠനം നടത്തി. 1994ൽ തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായി. ഇപ്പോഴും വിശേഷ ദിവസങ്ങളിൽ ചെമ്മങ്കടവിലെ ആലമ്പാടൻ തറവാട്ടിൽ ഇവരെത്താറുണ്ട്. മഞ്ചേരി ബാറിൽ അഭിഭാഷകനായ ഏക മകൻ ഹരികൃഷ്ണൻ മലപ്പുറത്തുതന്നെയാണ് താമസം.
കെ. രാജൻ മന്ത്രി പദത്തിലെത്തുമ്പോൾ
വെളിയങ്കോട്: രണ്ടാം പിണറായി സർക്കാറിെൻറ മന്ത്രിസഭയിൽ സി.പി.ഐയിൽ നിന്നുള്ള അഡ്വ. കെ. രാജൻ മന്ത്രിപദത്തിലെത്തുമ്പോൾ ആഹളാദ നിറവിലാണ് വെളിയങ്കോട്ടെ പെരുമുടിശ്ശേരി ഗ്രാമം. കഴിഞ്ഞ സർക്കാറിലെ ചീഫ് വിപ്പ് കൂടിയായിരുന്ന കെ. രാജെൻറ തറവാട് വീട് വെളിയങ്കോട് പെരുമുടിശ്ശേരിയിലാണ്.
മാതൃഗൃഹം സ്ഥിതി ചെയ്യുന്ന വെളിയങ്കോട്ടെ കോതമുക്കിലും, എരമംഗലത്തുമൊക്കെയായി ബാല്യവും, കൗമാരവും പങ്കിട്ട വസന്തകാലം കെ. രാജന് ഇന്നും നിറമുള്ള ഓർമകളാണ്. പെരുമുടിശ്ശേരിയിലെ മഠത്തിൽ തറവാട്ടിൽ രമണിയുടെ മകൻ ബാല്യകാലത്തിന് ശേഷം തൃശൂരിലെ അച്ഛൻ തറവാടായ അന്തിക്കാട്ട് നിന്നുമാണ് രാഷ് ട്രീയ നേതാവായി വളർന്നത്.
വിദ്യാർഥി പ്രസ്ഥാന നേതാവായി കേരള വർമയിൽ തിളങ്ങിയ അദ്ദേഹം, കാലിക്കറ്റ് സർവകലാശാല യൂനിയൻ വൈസ് ചെയർമാൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തൃശൂർ ജില്ല സെക്രട്ടറി, സംസ്ഥാന ഭാരവാഹി എന്നിവക്ക് ശേഷം തുടർന്ന് ദേശീയ ഭാരവാഹികളിൽ ഒരാളായി. കെ. രാജെൻറ ബന്ധുക്കൾക്കെല്ലാം രാഷ് ട്രീയ രംഗത്തെ പ്രവർത്തനത്തിന് നൂറു മാർക്കാണ് നൽകുന്നത്. രാജൻ മന്ത്രിയായ വർത്ത അറിഞ്ഞതുമുതൽ ഏറെ ആഹളാദത്തിലാണ് കോതമുക്കിലേയും, എരമംഗലത്തേയും നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.