ന്യൂനപക്ഷ സ്കോളർഷിപ്: വിദഗ്ധ സമിതിയെ നിയോഗിക്കും
text_fieldsമലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ് അടക്കം നഷ്ടമായ അവകാശങ്ങൾ തിരിച്ചുപിടിക്കാനാവശ്യമായ പദ്ധതികളാവിഷ്കരിക്കാൻ എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തിൽ വ്യാഴാഴ്ച രാത്രി ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ യോഗതീരുമാനം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തിൽ ഭരണാധികാരികളെ കണ്ട് നിവേദനം നൽകും. കോടതിയെ സമീപിക്കുന്നതുൾെപ്പടെ തുടർ നടപടികൾ വിദഗ്ധ സമിതി ആലോചിച്ച് തീരുമാനിക്കും. ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായത് സമുദായത്തെ മൊത്തം മുറിപ്പെടുത്തിയെന്ന വികാരമാണ് യോഗത്തിൽ ഉയർന്നതെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രി നടന്ന യോഗം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ് എം.എൽ.എ, പി.എം.എ സലാം (ലീഗ്), ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, അബ്ദുസമദ് പൂക്കോട്ടൂർ (സമസ്ത), ടി.പി. അബ്ദുല്ല കോയ മദനി, ഡോ. ഹുസൈൻ മടവൂർ (കെ.എൻ.എം), എം.ഐ. അബ്ദുൽ അസീസ്, പി. മുജീബ്റഹ്മാൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), എൻജിനീയർ മുഹമ്മദ് കോയ (എം.എസ്.എസ്), ഡോ. ഇ.കെ. അഹമ്മദ് കുട്ടി (കെ.എൻ.എം മർക്കസുദ്ദഅ്വ), ടി.കെ. അഷ്റഫ് (വിസ്ഡം), തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.