മിഷൻ ഇന്ദ്രധനുഷ് 5.0: കുത്തിവെപ്പിൽ മലപ്പുറം ജില്ലക്ക് മുന്നേറ്റം
text_fieldsമലപ്പുറം: ‘മിഷൻ ഇന്ദ്രധനുഷ് 5.0’ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഒന്നാംഘട്ടത്തിൽ ജില്ലക്ക് വലിയ മുന്നേറ്റം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ആഗസ്റ്റ് ഏഴു മുതൽ 12 വരെയാണ് നടപ്പാക്കിയത്. രണ്ടാംഘട്ടം തിങ്കളാഴ്ച മുതൽ 16 വരെ ജില്ലയിൽ നടക്കും. കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന 12 മാരക രോഗങ്ങളിൽനിന്നും കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നത്. മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയാണ്.
ഒന്നാംഘട്ടത്തിൽ ജില്ലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായതിനാൽ രണ്ടാംഘട്ടത്തിൽ വാക്സിനേഷൻ ബോധവത്കരണ പ്രവർത്തനം ഊർജിതമാക്കാനാണ് തീരുമാനം. ഇതിന് കലക്ടർ വി.ആർ. പ്രേംകുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ് യോഗം ചേർന്നു. ഓരോ പ്രദേശങ്ങളിലും തദ്ദേശ സ്വയംഭരണ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക മേഖലതല യോഗങ്ങൾ ചേരാനും പ്രചാരണ പരിപാടികൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു. അതുവഴി ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകാൻ വേണ്ട കർമപദ്ധതിയും തയാറാക്കി. ആരോഗ്യ കേരളം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബു, ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. മീനാക്ഷി എന്നിവർ സംസാരിച്ചു.
12 രോഗങ്ങളിൽനിന്ന് സംരക്ഷണം
‘മിഷൻ ഇന്ദ്രധനുഷ് 5.0’ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിലൂടെ 12 മാരക രോഗങ്ങളിൽനിന്നാണ് കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നത്. ക്ഷയരോഗം, ഡിഫ്തീരിയ, വില്ലൻചുമ, അഞ്ചാം പനി, ടെറ്റനസ്, ജപ്പാൻ ജ്വരം, റുബല്ല, ന്യുമോണിയ, റോട്ട വൈറസ് തുടങ്ങിയ മാരകരോഗങ്ങളെ അകറ്റാനുള്ള വാക്സിനുകളാണ് കുട്ടികൾക്ക് നൽകുന്നത്. ബി.സി.ജി, ഒ.പി.വി, ഐ.പി.വി, റോട്ട വാക്സിൻ, എം.ആർ വാക്സിൻ, ഡി.പി.ടി, ടി.ഡി, പി.സി.വി, പെന്റവാലന്റ് തുടങ്ങിയ വാക്സിനുകളും പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകളിലും ഈ വാക്സിനുകൾ ലഭ്യമാണ്. ജില്ലയിൽ മീസിൽസുപോലുള്ള രോഗം വന്ന് മരണം സംഭവിച്ച സാഹചര്യത്തിൽ രക്ഷിതാക്കൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.