ശസ്ത്രക്രിയയിലെ പിഴവ്: യുവതിക്ക് വനിത കമീഷന് നിയമസഹായം നല്‍കും
text_fieldsമലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ എടക്കര സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കേരള വനിത കമീഷന് അംഗം വി.ആര്.മഹിള മണി. ഒരു വര്‍ഷം മുമ്പാണ് എടക്കര സ്വദേശിനിയായ യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് മുറിവ് ഉണങ്ങാതിരിക്കുകയും ശാരീരികമായ മറ്റ് പ്രയാസങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുവതി വനിത കമീഷനെ സമീപിച്ചത്. ഓപ്പറേഷനിലെ പിഴവ് പരിഹരിക്കാന്‍ രണ്ടാമതും മൂന്നാമതും ശസ്ത്രക്രിയ നടത്തിയെന്നും യുവതി ആരോപിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ല തല അദാലത്തില്‍ പരാതി പരിഗണിച്ചു.
പരാതിയില്‍ ജില്ല മെഡിക്കല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കുമെതിരെ നിയമനടപടിക്ക് വനിത കമീഷന് അംഗം ശുപാര്‍ശ ചെയ്തു. യുവതിക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്നും വനിത കമീഷന് അംഗം പറഞ്ഞു. ജില്ല തല അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. പരാതികളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. പരിഗണനയ്ക്കു വന്ന 42 പരാതികളില്‍ അഞ്ച് കേസുകള്‍ തുടര്‍ നടപടിക്കായി പൊലീസിന് കൈമാറി.26 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ബീനാ കരുവാത്ത്, ഷീന, കൗണ്‍സിലര്‍ ശ്രുതി നാരായണന്, വനിത സംരക്ഷണ ഓഫീസര്‍ ടി.എം. ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.