വാഹനങ്ങളുടെ മോടികൂട്ടൽ; പണി ശ്രദ്ധിച്ചില്ലെങ്കിൽ വരും
text_fieldsമലപ്പുറം: ഇഷ്ടാനുസരണം വാഹനങ്ങൾ മോടികൂട്ടിയവർക്കും കാതടപ്പിക്കുന്ന ഹോൺ ശബ്ദത്തിൽ ഇമ്പം കണ്ടെത്തിയവർക്കും എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. സെപ്റ്റംബറിൽ മാത്രം 3162 കേസുകളിലായി മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത് 73,77,510 രൂപ. കാൽനടക്കാർക്കും മറ്റു വാഹന യാത്രികർക്കും ഭീഷണിയാകുന്ന രൂപത്തിൽ റൈഡിങ് നടത്തുന്നവർ ഉൾപ്പെടെ നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ വാഹന ഡ്രൈവർമാർക്കെതിരെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് സെപ്റ്റംബറിൽ എടുത്തത്.
ജില്ലയിലെ അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കർശന നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. ജില്ലയിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 207 വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയത് കണ്ടെത്തിയിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള എയർ ഹോൺ ഉപയോഗിച്ചത് 13, അപകടകരമായ രീതിയിൽ നിരത്തുകളിൽ റൈഡിങ് നടത്തിയത് 25, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 173, ഓവർലോഡ് 41, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 248, ഫിറ്റ്നസ് ഇല്ലാത്തത് 34, ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചത് 2727, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്തത് 30, നികുതി ഇല്ലാത്തത് 139, ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് 70, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര 65 എന്നിങ്ങനെയാണ് കേസുകൾ. കൂടാതെ കഴിഞ്ഞ മാസം 37 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
എൻഫോഴ്സ്മെന്റ് ജില്ല ആർ.ടി.ഒ ഒ. പ്രമോദ് കുമാറിന്റെ നിർദേശാനുസരണം എം.വി.ഐമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, കെ. നിസാർ, ഡാനിയൽ ബേബി, എം.വി. അരുൺ, കെ.എം. അസൈനാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നഗരസഭ അധ്യക്ഷന്റെ ഔദ്യോഗിക വാഹനത്തിലെ പതാക നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ്
നിലമ്പൂർ: നിലമ്പൂർ നഗരസഭ അധ്യക്ഷന്റെ ഔദ്യോഗിക വാഹനത്തിലെ പതാക നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. അനധികൃതമായി പതാക ഉപയോഗിക്കുന്നെന്ന പരാതിയിൽ വാഹനത്തിന്റെ കസ്റ്റോഡിയനായ നഗരസഭ സെക്രട്ടറിക്കാണ് നിലമ്പൂർ ജോയന്റ് ആർ.ടി.ഒ കെ.പി. ദിലീപ് നോട്ടീസ് അയച്ചത്. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എം.എസ്. ആഷിഫ് സെപ്റ്റംബർ 19ന് നൽകിയ പരാതിയിലാണ് നടപടി. നഗരസഭയുടെ ലോഗോ പതിച്ച പതാകയാണ് കാറിൽ ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരിൽ കോർപറേഷൻ മേയർക്ക് മാത്രമാണ് വാഹനത്തിൽ പതാക ഉപയോഗിക്കാൻ അനുവാദമെന്ന് ജോയന്റ് ആർ.ടി.ഒ പറഞ്ഞു. പരാതിയിൽ സെക്രട്ടറിയോട് വാക്കാൽ വിശദീകരണം തേടിയപ്പോൾ നഗരസഭ ചട്ടപ്രകാരമാണ് കൊടി സ്ഥാപിച്ചതെന്ന് മറുപടി നൽകിയതായി അദ്ദേഹം വിശദീകരിച്ചു. രേഖ ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറി ഹാജരാക്കിയില്ല. തുടർന്ന് എം.വി.ഐ ഈസ്റ്റർ യാഷിക അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.