ദുരിതാശ്വാസ ക്യാമ്പിൽ നൊമ്പരക്കാഴ്ചയായി മൊയ്തീൻകുട്ടി
text_fieldsപൊന്നാനി: ''ഒരു മാസത്തിലധികമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയാൻ തുടങ്ങിയിട്ട്. അദ്ദേഹത്തിന് നടക്കാൻ കഴിയുമെങ്കിൽ ഈ ഗതി വരില്ലായിരുന്നു. രണ്ട് തവണ കടലെടുത്ത വീടുകളിൽ ഇനി തിരികെപ്പോകാൻ കഴിയില്ല. തളർന്നയാളെയും കൊണ്ട് പോകാൻ ഒരു വാടക വീടെങ്കിലും കിട്ടിയാൽ മതി''.... പൊന്നാനി എം.ഇ.എസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കിടപ്പ് രോഗിയായ പൊന്നാനി സ്വദേശി മൊയ്തീൻകുട്ടിയുടെ ഭാര്യ കൗലത്ത് വിതുമ്പിയാണ് ഇത് പറഞ്ഞത്.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന എട്ട് കുടുംബങ്ങളിൽ ഏറെ പരിതാപകരമാണ് ഇവരുടെ സ്ഥിതി. മത്സ്യത്തൊഴിലാളിയായിരുന്ന മൊയ്തീൻകുട്ടി രക്തസമ്മർദത്തെത്തുടർന്ന് 13 വർഷം മുമ്പാണ് കിടപ്പിലായത്. മത്സ്യത്തൊഴിലാളിയായ ഏക മകെൻറ വരുമാനം കൊണ്ട് കഴിഞ്ഞുകൂടിയിരുന്ന കുടുംബത്തിന് പ്രഹരമായി കടലാക്രമണമുണ്ടായത് കഴിഞ്ഞ വർഷമായിരുന്നു.
അന്ന് വീട് പൂർണമായി കടലെടുത്തപ്പോൾ കടലോരത്ത് തന്നെ വാടക വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഒരു മാസം മുമ്പുണ്ടായ കടലാക്രമണത്തിൽ ഇതും തകർന്നു.ഇതോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. അടച്ചുറപ്പില്ലാത്ത ക്ലാസ് മുറിയിലെ ബെഞ്ചുകൾ കൂട്ടിയിട്ട് ഇതിന് മുകളിലാണ് മൊയ്തീൻകുട്ടി കഴിയുന്നത്.
ആധാർ കാർഡില്ലാത്തതിനാൽ വാർധക്യകാല പെൻഷൻപോലും ലഭിക്കുന്നില്ല. അസുഖത്തെത്തുടർന്ന് വർഷങ്ങളോളം ആയുർവേദ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചികിത്സ രേഖകളുൾപ്പെടെ കടലെടുത്തു. ഇപ്പോൾ പാലിയേറ്റീവ് കെയർ പ്രവർത്തകരെത്തി നൽകുന്ന ചികിത്സ മാത്രമാണുള്ളത്. പുനർഗേഹം പദ്ധതിയിലുൾപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലം കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.