മൂന്നാംപടി ഉപതെരഞ്ഞെടുപ്പ് ഫലം; യു.ഡി.എഫ് കള്ളപ്രചാരണം നടത്തിയെന്ന് എൽ.ഡി.എഫ്
text_fieldsമലപ്പുറം: നഗരസഭ മൂന്നാംപടി ഉപതെരഞ്ഞെടുപ്പിൽ കള്ളപ്രചാരണം നടത്തിയതാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം കുറയാൻ കാരണമെന്ന് സി.പി.എം നേതാക്കൾ. കെ.വി. ശശികുമാർ പ്രചാരണത്തിന് ഇറങ്ങി എന്ന വ്യാജചിത്രങ്ങൾ വരെ പുറത്തുവിട്ടു. ബി.ജെ.പിക്ക് മുൻ തവണത്തെക്കാൾ വോട്ട് കുറഞ്ഞത് യു.ഡി.എഫിന് നേട്ടമായി.
കൂടാതെ മേൽമുറിയിൽനിന്നുള്ള അപര സ്ഥാനാർഥിയെ യു.ഡി.എഫ് നിർത്തി. വോട്ടുകുറഞ്ഞത് പരിശോധിക്കുമെന്നും നേതാക്കൾ അറിയിച്ചു.
പരാജയപ്പെട്ടെങ്കിലും വോട്ട് വർധിച്ചതും എതിർ സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറക്കാനായതും യു.ഡി.എഫിന് വരും തെരഞ്ഞെടുപ്പുകളിൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷ നൽകുന്നെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അവലോകനയോഗം. എൽ.ഡി.എഫിന്‍റെ ഉറച്ച വാർഡായ മൂന്നാംപടിയിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ചെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായാണ് യു.ഡി.എഫ് ഇവിടെ മത്സരിച്ചിരുന്നത്. ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽതന്നെ മത്സരിച്ച് വോട്ടുകൾ നേടാനായി.
പോക്സോ കേസ് പ്രതിയായ മുൻ എൽ.ഡി.എഫ് കൗൺസിലർ കെ.വി. ശശികുമാറിനെക്കുറിച്ച് വാർഡിൽ പ്രചാരണസമയത്ത് ചർച്ച ചെയ്തിട്ടില്ല. എല്ലാവർക്കും അക്കാര്യം സംബന്ധിച്ച് അറിയുന്നതാണ്. വീണ്ടും ചർച്ച ചെയ്യുന്നത് നല്ല സംസ്കാരമല്ലാത്തതിനാലാണെന്നും കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. രണ്ട് തവണ ഡി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ മണ്ഡലത്തിൽ എത്തി വോട്ട് അഭ്യർഥിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ സഹായവും സഹകരണവും ഡി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അറിയിച്ചിരുന്നു. ഡി.സി.സിയുടെ പിന്തുണ ലഭിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരും പ്രചാരണത്തിന് എത്തിയിരുന്നെന്നും ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.