അഞ്ചുവർഷത്തെ കാത്തിരിപ്പിനറുതി; മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം പുനർനിർമിക്കുന്നു
text_fieldsഊർങ്ങാട്ടിരി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി ലഭിച്ചു.2019 -20 ബജറ്റിൽ പാലം പുനർനിർമിക്കാൻ മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, ടെൻഡർ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് പാലത്തിന്റെ പുനർനിർമാണം വീണ്ടും അനിശ്ചിതത്വത്തിലായത്.
തുടർന്ന് നീണ്ട ഇടവേളക്ക് ശേഷം പി.കെ. ബഷീർ എം.എൽ.എയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ വീണ്ടും മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. തദ്ദേശ വകുപ്പിൽനിന്ന് മൂന്ന് കോടി 75 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിക്കുന്നതെന്ന് പി.കെ. ബഷീർ എം.എൽ.എ ‘മാധ്യമ’ത്തിനോട് പറഞ്ഞു.
2018ൽ ചാലിയാറിലുണ്ടായ പ്രളയത്തിലാണ് സ്കൂൾ കടവ് പാലത്തിന്റെ മധ്യഭാഗം ഒലിച്ചുപോയത്.തുടർന്ന് 2019ലെ മഹാപ്രളയത്തിൽ ബാക്കിയുള്ള പാലത്തിന്റെ ഭാഗം ഭാഗികമായും ഒലിച്ചുപോയി. ഇതോടെയാണ് പാലത്തെ പ്രതിദിനം ആശ്രയിച്ചിരുന്ന നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ദുരിതത്തിലായിരുന്നത്.
അരീക്കോട് അങ്ങാടിയെയും ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാട് എന്ന പ്രദേശത്തെയും ബന്ധിപ്പിച്ചിരുന്നത് മൂർക്കനാട് സ്കൂൾ കടവ് നടപ്പാലമായിരുന്നു.പാലം ഇല്ലാതായതോടെ ഏകദേശം അഞ്ച് കിലോമീറ്റർ സഞ്ചരിച്ചുവേണം ഇപ്പോൾ വിദ്യാർഥികൾക്ക് സ്കൂളിലും പ്രദേശവാസികൾക്ക് വീടുകളിലും അങ്ങാടികളിലും എത്താൻ. പ്രാദേശിക ഇടം ആയതുകൊണ്ടുതന്നെ മൂർക്കനാട് ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ള പബ്ലിക് വാഹനങ്ങൾ വളരെ കുറവാണ്. ഇതുമൂലം വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
തുടർന്ന് സംഭവത്തിൽ പ്രദേശവാസികൾ വിദ്യാർഥികൾ സ്കൂൾ അധികൃതരും നിരന്തരം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ സംഭവത്തിൽ വലിയരീതിയിലുള്ള പ്രതിഷേധങ്ങൾക്കും ഇടയായി.ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ നടപടി. മൂന്നുകോടി 75 ലക്ഷം രൂപ പാലം പുനർനിർമിക്കാൻ ഭരണ അനുമതി ലഭിച്ചിട്ടുണ്ട്. ഇനി ടെൻഡർ നടപടികൾ പൂർത്തിയാക്കി മൂന്നുമാസം കൊണ്ടുതന്നെ പുനർനിർമാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ഒലിച്ചുപോയി അഞ്ചുവർഷത്തിനുശേഷമാണ് അധികൃതർ പാലം പുനർനിർമാണത്തിന് ഒരുങ്ങുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭരണാനുമതി ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സവാദ് അഹമ്മദും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.