മണിപ്പൂരിലെ കുട്ടികളെ ചേര്‍ത്തുപിടിച്ച് മൊറയൂര്‍ വി.എച്ച്.എം സ്കൂള്‍
text_fieldsമൊറയൂര്‍: ഉറ്റവരെല്ലാം കലാപ ഭൂമിയിലാണ്, കേള്‍ക്കുന്നത് ദുരന്തവാര്‍ത്തകള്‍ മാത്രം, ഇതിനിടയിലും മാതാപിതാക്കള്‍ പോലും കൂടെയില്ലാതെ പഠനം നടത്തുന്ന മണിപ്പൂരിലെ അതിഥി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവും കരുതലും പകര്‍ന്ന് മലയാളത്തിന്റെ സഹാനുഭൂതിക്ക് മാതൃകയാകുകയാണ് മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ആശങ്കയിലായ കുട്ടികളെ ചേര്‍ത്തുപിടിച്ച് പഠന വഴിയില്‍ മുന്നോട്ടു നയിക്കാന്‍ അധ്യാപകരും സഹപാഠികളും നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.
വംശവെറിയില്‍ കലുഷിതമായ മണിപ്പൂരിലെ അഞ്ച് വിദ്യാര്‍ഥികളാണ് മൊറയൂരില്‍ കഴിയുന്നത്. വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പി.എച്ച്. ഹസന്, പി.എച്ച്. ഷഹിനൂര്‍ എന്നിവരുടെ സംരക്ഷണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ പി.എച്ച്. ഇംതിയാസ്, പി.എച്ച്. അസദ്, അലം എന്നിവരും പഠനം തുടരുകയാണ്.
തൊഴിലിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് കൊണ്ടോട്ടിയിലെത്തിയ ഇവരുടെ രക്ഷിതാക്കള്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെങ്കിലും കുട്ടികളുടെ മികവാര്‍ന്ന പഠനം കേരളത്തില്‍ത്തന്നെ തുടരണമെന്ന ആഗ്രഹത്തില്‍ മക്കള്‍ക്ക് നാട്ടുകാരുടേയും വിദ്യാലയാധികൃതരുടേയും പിന്തുണയോടെ താമസ സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. അവധിക്കാലങ്ങളില്‍ മാത്രം നാട്ടില്‍ പോയിരുന്ന കുട്ടികള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ദുരന്ത വാര്‍ത്തകളില്‍ തുടക്കം മുതല്‍തന്നെ പരിഭ്രാന്തരാണ്. ഇതു തിരിച്ചറിഞ്ഞ സഹപാഠികള്‍ അധ്യാപകരുമായി ചേര്‍ന്നൊരുക്കിയ ചേര്‍ത്തുപിടിക്കലിന്റെ പാഠമാണ് മൊറയൂരിലെ പൊതു വിദ്യാ കേന്ദ്രം നാടിന് പകരുന്നത്.
പഠനത്തിലും കായികയിനങ്ങളിലും പ്രതിഭകളായ അതിഥി വിദ്യാര്‍ഥികളെ കലാപ വാര്‍ത്തകളില്‍ നിന്നു മാറ്റി നിര്‍ത്തി പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സക്രിയമാക്കുകയാണ് ഇവിടെ.വീട്ടുകാരുമായും നാടുമായും ബന്ധപ്പെടാന്‍ അവസരമൊരുക്കുന്നതിനൊപ്പം കൂടെയുണ്ട് കൂട്ടുകാര്‍ എന്ന സഹപാഠികളുടെ ആശയം വിദ്യാലയാധികൃതര്‍ ഫലപ്രദമായി നടപ്പാക്കുന്നു. പഠിച്ചു വളര്‍ന്ന് ജന്മരാജ്യത്തിന്റെ ഭാഗമാണ് ഞങ്ങളെന്നും തെളിയിക്കുമെന്നായിരുന്നു ഹസന്റെ പ്രതികരണം. ഇതിനൊപ്പം കളിപ്പന്തുകളും പാഠ പുസ്തകങ്ങളുമായി മറ്റുള്ളവരുംചേര്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.