പൊന്നാനി താലൂക്കിൽ ഒരാഴ്ചക്കിടെ 3250ലധികം കോവിഡ് രോഗികൾ
text_fieldsപൊന്നാനി: താലൂക്കിൽ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 3250ലധികം കോവിഡ് കേസുകൾ. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പത്തു ശതമാനവും പൊന്നാനി താലൂക്കിലാണ്. പൊന്നാനി മുനിസിപ്പാലിറ്റി, വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട്, എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിലായി മേയ് ഒന്നുമുതൽ പത്ത് വരെ 3383 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
താലൂക്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളെ കഴിഞ്ഞ ആഴ്ചയിൽ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പൊന്നാനി നഗരസഭയിൽ ഒമ്പതും വെളിയങ്കോട് പഞ്ചായത്തിൽ ആറ് വാർഡുകളും കെണ്ടയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ലോക്ഡൗൺ തുടങ്ങുന്നതിനുമുമ്പ് തന്നെ പൊന്നാനി മുനിസിപ്പാലിറ്റിയും മാറഞ്ചേരി, എടപ്പാൾ, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ പ്രദേശങ്ങൾ പ്രത്യേക നിയന്ത്രണങ്ങളും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.താലൂക്കിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എടപ്പാൾ പഞ്ചായത്ത് പരിധിയിലാണ്.
ഒൻപത് ദിവസത്തിനകം 615 കേസുകളാണ് എടപ്പാളിൽ റിപ്പോർട്ട് ചെയ്തത്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ 508 കേസുകളും തവനൂർ പഞ്ചായത്തിൽ 431 കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മാത്രം ആലങ്കോട് 18, എടപ്പാള് 26, കാലടി 28, മാറഞ്ചേരി 35, നന്നംമുക്ക് 19, പെരുമ്പടപ്പ് 05, പൊന്നാനി 57, തവനൂര് 49, വട്ടംകുളം 31, വെളിയങ്കോട് ഒമ്പതു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മിക്ക പഞ്ചായത്തുകളിലും ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻറ് സെൻററുകളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെങ്കിലും ഗുരുതരമായ സ്ഥിതി നേരിടുന്ന രോഗികളെ വിദഗ്ധ ചികിത്സക്ക് മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്ന സ്ഥിതിയാണ്. താലൂക്കിലെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിൽ ഗർഭിണികളായ കോവിഡ് രോഗികൾക്കുവേണ്ടി പ്രത്യേക ചികിത്സാകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. അവിടെയും താലൂക്കിലെ മിക്ക ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻറ് സെൻററുകളിലും ആവശ്യമായ ജീവനക്കാരുടെ നിയമനം ഇനിയും നടന്നിട്ടില്ല. അടുത്ത ആഴ്ച നിയമനടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പല കേന്ദ്രങ്ങളിലും അധ്യാപകരെ കോവിഡ് സെൻററുകളിൽ നിയമിച്ചു വരുന്നുണ്ട്.
ആശങ്കയുണർത്തി കോവിഡ് പരിശോധന കേന്ദ്രത്തിലെ തിരക്ക്
പൊന്നാനി: കോവിഡ് വ്യാപനത്തിനിടയിൽ ആശങ്കയുണർത്തി പൊന്നാനിയിലെ പരിശോധന കേന്ദ്രത്തിലെ തിരക്ക്. പൊന്നാനിയിൽ കോവിഡ് പരിശോധനക്കെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ സൗകര്യങ്ങളുള്ള പുതിയ പരിശോധന കേന്ദ്രം ആരംഭിച്ചിട്ടും സാമൂഹിക അകലം പാലിക്കാത്തതാണ് ആരോഗ്യ വകുപ്പിനും തലവേദനയാകുന്നത്. പരിശോധന നടത്തുന്നവരിൽ ഭൂരിഭാഗവും പോസിറ്റിവാകുന്നതിനാൽ ഇവിടെ സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ട ഇടമാണ്. പൊന്നാനി താലൂക്കിലെ തന്നെ കോവിഡ് പരിശോധന കേന്ദ്രമായി തുടങ്ങിയ പൊന്നാനി ടി.ബി ആശുപത്രിയിൽ പരിശോധനക്കെത്തുന്നവരുടെ തിരക്ക് ഗണ്യമായി വർധിച്ചതോടെ പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കേന്ദ്രം മാറ്റിയിരുന്നു. നിലവിൽ ദിനംപ്രതി ഇരുന്നൂറിൽപരം പേരാണ് ആൻറിജെൻ, ആർ.ടി.പി.സി.ആർ പരിശോധനകൾക്കായി കേന്ദ്രത്തിൽ എത്തുന്നത്. രോഗലക്ഷണങ്ങളുള്ളവർക്ക് പുറമെ കോവിഡ് സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും ഒരാഴ്ചക്കുശേഷം വീണ്ടും പരിശോധനക്ക് എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.