മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്നത് 80000ലേറെ പേർ
text_fieldsമലപ്പുറം: ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്ന 80,000ത്തിനു മുകളിൽ ആളുകൾക്ക് എന്ന് ടെസ്റ്റ് നടത്തുമെന്ന് ഉറപ്പുനൽകാനാവാതെ മോട്ടോർ വാഹന വകുപ്പ് അധികൃതർ.
അതേസമയം, ലൈസൻസ് അപേക്ഷകർക്കുള്ള ലേണേഴ്സ് പരീക്ഷ പതിവുപോലെ ജില്ലയിലെ ഏഴു കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. ആഴ്ചയിൽ നാലു ദിവസമാണ് ലേണേഴ്സ് പരീക്ഷ.
മലപ്പുറം ആർ.ടി.ഒ ഓഫിസിൽ പ്രതിദിനം 120ഉം തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി സബ് ആർ.ടി.ഒകളിൽ 80 വീതവും കൊണ്ടോട്ടി, നിലമ്പൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ 40 വീതവും പേർക്ക് പരീക്ഷ നടത്തുന്നുണ്ട്. ഇത് മുടക്കമില്ലാതെ തുടരുന്നതിനാൽ ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണം വീണ്ടും ഉയരുകയാണ്.
ലേണേഴ്സിന് ആറു മാസമാണ് കാലാവധി. ഇതിനുള്ളിൽ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾ എടുത്തില്ലെങ്കിൽ ലേണേഴ്സ് പരീക്ഷ വീണ്ടുമെഴുതണം. പ്രതിദിനം 180 ഡ്രൈവിങ് ടെസ്റ്റുകൾവരെ നടത്തിയിരുന്ന സ്ഥാനത്താണ് ഗതാഗത വകുപ്പ് നിർദേശപ്രകാരം ടെസ്റ്റുകളുടെ എണ്ണം 40 ആയി നിജപ്പെടുത്തിയത്.
ജില്ലയിലെ ഏഴു കേന്ദ്രങ്ങളിലും ഡ്രൈവിങ് സ്കൂളുകൾ വാടകക്കെടുത്തുനൽകിയ ഗ്രൗണ്ടുകളിലാണ് ഉദ്യോഗസ്ഥർ ടെസ്റ്റുകൾ നടത്തിയിരുന്നത്. മോട്ടോർ വാഹനവകുപ്പിന് സ്വന്തമായ ഗ്രൗണ്ട് ജില്ലയിലെവിടെയുമില്ല. ഡ്രൈവിങ് സ്കൂളുകാരുടെ വാഹനമാണ് ഇതുവരെ ടെസ്റ്റിന് ഉപയോഗിച്ചിരുന്നത്. ടെസ്റ്റിന് വരുന്നവരുടെ വാഹനം ഉപയോഗിക്കാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ നിർദേശം. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാകുമെന്നുറപ്പില്ല. അപേക്ഷകരുടെ എണ്ണവും സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയും നോക്കാതെ, ഒറ്റയടിക്ക് പരിഷ്കാരം നടപ്പാക്കാൻ ഇറങ്ങി വെട്ടിലായിരിക്കുകയാണ് ഗതാഗതവകുപ്പ്.
ടെസ്റ്റ് മുടങ്ങിയിട്ട് ഏഴു ദിവസം
ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുമെന്നും ടെസ്റ്റിന് പൊലീസ് സംരക്ഷണം നൽകുമെന്നും ഗതാഗതമന്ത്രി പ്രഖ്യാപിച്ചിട്ടും ജില്ലയിലെവിടെയും വെള്ളിയാഴ്ച ടെസ്റ്റ് നടന്നില്ല.
സ്ലോട്ട് നൽകിയിട്ടും ആരും ടെസ്റ്റിനെത്തിയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഡ്രൈവിങ് സ്കൂളുകളുടെ ബഹിഷ്കരണ സമരം ആരംഭിച്ചശേഷം ജില്ലയിലെ ഏഴു കേന്ദ്രങ്ങളിൽ ഒരിടത്തുപോലും ടെസ്റ്റ് നടന്നിട്ടില്ല. ടെസ്റ്റിന് ആൾ എത്താത്തത് ഡ്രൈവിങ് സ്കൂളുകാർ പിന്തിരിപ്പിക്കുന്നതിനാലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ടെസ്റ്റിൽ വരുത്തിയ പരിഷ്കാരംമൂലം ആശങ്കകൊണ്ട് വിട്ടുനിൽക്കുന്നവരും ഉണ്ടാകാമെന്ന് അധികൃതർ പറയുന്നു. ടെസ്റ്റ് അനിശ്ചിതമായി നീണ്ടുപോകുന്നതിനാൽ ഭൂരിഭാഗം പേരുടെയും ലേണേഴ്സിന്റെ കാലാവധി വൈകാതെ തീരും. അവർക്ക് വീണ്ടും സ്ലോട്ടിന് അപേക്ഷിച്ച് ലേണേഴ്സ് പരീക്ഷ എഴുതേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.