പുഴയെടുത്ത ദുരന്തം; മാതാവിന്റെയും മകളുടെയും മരണം സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയപ്പോൾ
text_fieldsമലപ്പുറം കണ്ണത്തുപാറ പാലക്കണ്ണ് കടവിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുടുംബത്തിലെ അംഗങ്ങളുടെ ചെരുപ്പുകൾ പുഴക്കരയിൽ. ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയ ഭാഗത്താണ് മുങ്ങി മരിച്ചത്
മലപ്പുറം: കടലുണ്ടിപ്പുഴയിൽ മാതാവും മകളും മുങ്ങിമരിച്ച ദുരന്തത്തിന്റെ ആഘാതത്തിലാണ് നാട്. ചെമ്മൻകടവ് കണ്ണത്തുപാറയിലെ സ്വന്തം വീട്ടിലേക്ക് ഫാത്തിമ ഫായിസയും മക്കളും വിരുന്ന് വന്നതായിരുന്നു. വ്യാഴാഴ്ച കണ്ണമംഗലം മുട്ടുംപുറത്തെ ഭർത്താവിന്റെ വീട്ടിൽനിന്നാണ് രണ്ട് മക്കളെയും കൂട്ടി ഫായിസ എത്തിയത്. കുറച്ച് ദിവസം സ്വന്തം വീട്ടിൽ താമസിച്ച് കണ്ണമംഗലത്തേക്ക് തിരിച്ച് പോകാനായിരുന്നു ഉദ്ദേശ്യം. ഇതിനിടെ വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഫാത്തിമ ഫായിസ, സഹോദരി ഷംന, ഫായിസയുടെ മക്കളായ ദിൽന ഫാത്തിമ, ഫിദ ഫാത്തിമ എന്നിവർ പുഴയിലേക്ക് പോയി. കുളിക്കാനിറങ്ങിയ ഫാത്തിമ ഫായിസയും ചെറിയ മകൾ ഫിദ ഫാത്തിമയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ദിൽന ഫാത്തിമയും ഷംനയും പുഴയിലിറങ്ങി. ഇതോടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. പുഴയിൽ മുങ്ങിത്തുടങ്ങിയതോടെ ഇവർ ബഹളം വെച്ച് ആളെ കൂട്ടുകയായിരുന്നു.
നാട്ടുകാർ കുളിക്കുന്ന കടവിൽ ആദ്യമായാണ് മുങ്ങി മരണം സംഭവിക്കുന്നത്. ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി. ഫാത്തിമ ഫായിസയുടെയും ഫിദ ഫാത്തിമയുടെയും പോസ്റ്റുമോർട്ട നടപടി ശനിയാഴ്ച മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടക്കും. ഫാത്തിമ ഫായിസയുടെ പ്രവാസിയായ ഭർത്താവ് ഉള്ളാട്ടുപറമ്പിൽ സമീർ ശനിയാഴ്ച നാട്ടിലെത്തും. സൗദി ഹാഇലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
രക്ഷകനായി ഖമറുദ്ദീൻ; തിരിച്ചുകിട്ടിയത് രണ്ടുപേരുടെ ജീവൻ
മലപ്പുറം: ഓടിയെത്തി രണ്ടുപേരുടെ ജീവൻ രക്ഷിച്ചത് കണ്ണത്തുപാറ കിഴക്കെ പറമ്പത്ത് ഖമറുദ്ദീൻ. പുഴയോരത്ത് കൂടി തന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ബഹളം കേട്ടത്. നോക്കുമ്പോൾ ആരോ മുങ്ങിത്താഴുന്നതായി കണ്ട ഇദ്ദേഹം പുഴയിലേക്ക് എടുത്ത് ചാടി. കടവിൽനിന്ന് ഏകദേശം നാല് മീറ്റർ പരിധിയിൽനിന്ന് ആദ്യം ദിൽന ഫാത്തിമയെ രക്ഷിച്ചു. തുടർന്ന് ഷംനയെയും രക്ഷിച്ച് കരകയറ്റി. രണ്ടുപേരും വെള്ളം കുടിച്ചിരുന്നു.
കണ്ണത്തുപാറ പാലക്കണ്ണ് കടവിൽ ഒഴുക്കിൽപ്പെട്ടവരെ
രക്ഷിച്ച ഖമറുദ്ദീൻ സംഭവം വിവരിക്കുന്നു
ഇതിനിടെയാണ് ദിൽന ഫാത്തിമ രണ്ടുപേർ കൂടി വെള്ളത്തിലുണ്ടെന്ന് വിളിച്ച് പറഞ്ഞത്. ഇതോടെ മൂന്നാമതും വെള്ളത്തിലേക്ക് ചാടിയ ഖമറുദ്ദീൻ ഏഴു വയസ്സുകാരി ഫിദ ഫാത്തിമയെയും കരയിലെത്തിച്ചു. തുടർന്ന് കുഞ്ഞിനെ എടുത്ത് പാലക്കണ്ണ് കടവിൽനിന്ന് മുകളിലേക്ക് ഓടി. കുഞ്ഞിനെ ബന്ധുക്കളെ ഏൽപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകി. അപ്പോേഴക്കും ആളുകൾ ഓടിക്കൂടിയിരുന്നു. പിന്നീട് നാട്ടുകാരാണ് ഫാത്തിമ ഫായിസയെ പുഴയിൽ നിന്നെടുത്ത് ആശുപത്രിയിലെത്തിച്ചത്. നിർമാണ തൊഴിലാളിയാണ് ഖമറുദ്ദീൻ. ശബ്ദം കേട്ടപ്പോൾ ആദ്യം കുട്ടികൾ പുഴയിൽ കുളിക്കുന്നതാണെന്ന് കരുതി. എന്നാൽ, ശബ്ദ വ്യത്യാസം തോന്നിയതോടെ പുഴക്കടവിലേക്ക് ഓടുകയായിരുന്നു. കടലുണ്ടിപ്പുഴയുടെ അടുത്ത് തന്നെയാണ് ഖമറുദ്ദീൻ താമസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.