സമയനിയന്ത്രണം തെറ്റിക്കുന്ന ടിപ്പറുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
text_fieldsതിരൂരങ്ങാടി: സമയനിയന്ത്രണം തെറ്റിക്കുന്ന ടിപ്പർ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. രാവിലെ 8.30 മുതൽ പത്ത് വരെയും വൈകുന്നേരം 3.30 മുതൽ അഞ്ച് വരെയും ജില്ലയിൽ ടിപ്പർ വാഹനങ്ങൾ സർവിസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിച്ച് സർവിസ് നടത്തിയ 10 ടിപ്പർ വാഹനങ്ങൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഓരോ ടിപ്പർ വാഹനങ്ങൾക്കും പതിനായിരം രൂപ പിഴ ചുമത്തി.
എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീക്ക്, എ.എം.വി.ഐ പി. ബോണി എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ, പുത്തനത്താണി, വളാഞ്ചേരി, താനൂർ തുടങ്ങി മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചെമ്മാട് ടൗണിലൂടെ ഇത്തരത്തിലുള്ള ലോറികൾ സമയക്രമീകരണം തെറ്റിച്ചു ഓടുന്നതായും അതിനെ തുടർന്ന് ചെമ്മാട് നഗരത്തിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗത കുരുക്കും കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് ചെമ്മാട് ബൈപാസിൽ കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.