മൈതാനത്തിലെ വേഗക്കരുത്തൻ എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്റ് എ. സക്കീർ വിരമിക്കുന്നു
text_fieldsമലപ്പുറം: ബെന്നി, ഷറഫലി, അഷറഫ്, രഞ്ജിത്ത്, ജോഷ്വാ, പാപ്പച്ചൻ തുടങ്ങിയ കരുത്തരായ ഫുട്ബാൾ കളിക്കാർക്കൊപ്പം മൈതാനത്ത് ബൂട്ടണിഞ്ഞ് എം.എസ്.പിയുടെ തലപ്പത്ത് എത്തിയ എ. സക്കീർ കാക്കിക്കുപ്പായം അഴിച്ചുവെക്കുന്നു. നീണ്ട മുപ്പത്തേഴര വർഷത്തെ സേവനം പൂർത്തിയാക്കിയാണ് എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്റ് ജനുവരി 31ന് വിരമിക്കുന്നത്. അരീക്കോട് തെരട്ടമ്മൽ, മൂർക്കനാട് സ്കൂളുകളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1979ൽ ചങ്ങനാശ്ശേരി എൻ.എസ്.എസ് സ്പോർട്സ് ഡിവിഷനിൽ പ്രവേശനം ലഭിച്ചു. കേരള സ്റ്റേറ്റ് സബ് ജൂനിയർ ടീമിലും രണ്ടുതവണ സ്റ്റേറ്റ് റൂറൽ ടീമിലും കളിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രവേശനം ലഭിക്കുകയും സ്റ്റേറ്റ് ജൂനിയർ ടീമിലും കാലിക്കറ്റ് യൂനവേഴ്സിറ്റി ടീമിലും ഇടം നേടി. അതേവർഷം ടീം അഖിലേന്ത്യ ചാമ്പ്യന്മാരായി. ടീമിൽ ബെന്നി, ഷറഫലി, അഷറഫ്, രഞ്ജിത്ത്, ജോഷ്വാ, പാപ്പച്ചൻ എന്നീ പ്രഗല്ഭ കളിക്കാരും അംഗമായിരുന്നു.
1984ൽ ഹവിൽദാർ പോസ്റ്റിൽ കേരള പൊലീസ് ടീമിൽ പ്രവേശിച്ചു. ആ സമയത്ത് ടീമിന്റെ കോച്ച് ശ്രീധരനായിരുന്നു. വി.പി. സത്യൻ, ഷറഫലി, ഫ്രാൻസിസ് ഇഗ്നേഷ്യസ്, സേവ്യർ, സുനിൽ എന്നിവരാണ് അന്ന് ടീമിലുണ്ടായിരുന്നത്. അതിനു ശേഷം 1985 -1986 കാലഘട്ടങ്ങളിലാണ് തോബിയാസ്, പാപ്പച്ചൻ, കുരികേഷ് മാത്യു, ഐ.എം. വിജയൻ, കെ.ടി. ചാക്കോ, പി.ടി. മെഹബൂബ്, അലക്സ് എബ്രഹാം, സി.എ. ലിസ്റ്റൺ, പി.എ. സന്തോഷ്, കെ.എ. തോമസ് എന്നിവർ പൊലീസ് ടീമിലേക്ക് വരുന്നത്. ഈ ടീമിൽ കോച്ച് ഫോർവേഡിലാണ് കളിപ്പിച്ചത്. അത് വേഗം പരിഗണിച്ചായിരുന്നു. സന്തോഷ് ട്രോഫി കോച്ചിങ് ക്യാമ്പിലും ഫെഡറേഷൻ കപ്പ് നേടിയപ്പോൾ കേരള സ്റ്റേറ്റ് ഫുട്ബാൾ ടീമിലും പൊലീസ് ഗെയിംസിൽ ചാമ്പ്യൻമാരായ ടീമിന്റെ ഭാഗമായിരുന്നു. കേരള കൗമുദി ട്രോഫിയിൽ രണ്ടു തവണ ടോപ് സ്കോറർ, കൂടാതെ കണ്ണൂർ ഫെഡറേഷൻ കപ്പിൽ ടോപ് സ്കോററും ആയിട്ടുണ്ട്. എസ്.എ.പി, കെ.എ.പി, ആർ.ആർ.ആർ.എഫ്, എം.എസ്.പി, എസ്.ബി.സി.ഐ.ഡി (സെക്യൂരിറ്റി), മറൈൻ എൻഫോഴ്സ്മെന്റ്, കരിപ്പൂർ എയർപോർട്ട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അരീക്കോട് ഈസ്റ്റ് വടക്കുമുറി ബീരാൻ കുട്ടിയുടെയും ആയിഷുമ്മയുടെയും മകനാണ്. ഭാര്യ: റസീന സക്കീർ. മക്കൾ: റാസിൽ, റിസ്വാൻ, റിയ സക്കീർ. 2011ൽ കേരള മുഖ്യമന്ത്രിയുടെ മെഡലിനും അർഹനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.